ബുധനാഴ്‌ച, മേയ് 16, 2012

ആണ്‍ ഞരമ്പുരോഗികളുടെ വാര്‍ഡ്

പച്ചച്ചായം തേച്ച വിശാലമായ ഹാളിലാണ് വാര്‍ഡ്. ഹോസ്പിറ്റല്‍ കെട്ടിടത്തിലെ നാലാമത്തെ നിലയിലായി, ലിഫ്റ്റിനോട് ചേര്‍ന്ന് വലതുവശത്ത്, കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തിനടുത്തുകൂടെ വളഞ്ഞുപുളഞ്ഞു കിടക്കുന്ന ടാറിട്ട റോഡും തണല്‍മരങ്ങളും വീക്ഷിക്കാവുന്ന രീതിയില്‍ ജാലകങ്ങള്‍ ക്രമീകരിച്ചിരിക്കുന്ന ഒരു വലിയ മുറി.


തുറന്നിട്ടിരിക്കുന്ന ജാലകങ്ങളിലൂടെ അകത്തേക്ക് കടന്നു വരുന്ന ചെറുകാറ്റിന്റെ താളം അറിഞ്ഞും അറിയാതെയും... വാടി.. തളര്‍ന്ന്.. ചരിഞ്ഞ്.. വളഞ്ഞ്... കമിഴ്ന്ന്.. നിവര്‍ന്ന് കിടക്കുകയാണ് അവര്‍. നീലകാലുറകളും വെള്ളയും നീലയും ചേര്‍ന്ന വരകളുള്ള നീളന്‍ മേല്‍ക്കുപ്പായവുമാണ് വേഷം.


വെളുത്ത ചായം പൂശിയ പത്ത് ഇരുമ്പുകട്ടിലുകള്‍ ആ മുറിയില്‍ രണ്ട് നിരകളായി ക്രമീകരിച്ചിരിക്കുന്നു. അവയ്ക്കോരോന്നിനും മുകളില്‍ കറങ്ങിക്കൊണ്ടിരിക്കുന്ന കറുത്ത പങ്കകള്‍. ഭിത്തിയില്‍ ഘടിപ്പിച്ചിരിക്കുന്ന മഞ്ഞ കളറിലുള്ള നേര്‍ത്ത പൈപ്പുകളിലൂടെ അടിച്ചമര്‍ത്തപ്പെട്ട കൃത്രിമശ്വാസം ആവശ്യക്കാരനെ തേടി പരക്കം പാഞ്ഞുകൊണ്ടിരിക്കുന്നു. ഓരോ കട്ടിലിന്റെയും ചാരെയുള്ള ഭിത്തിയില്‍ ഒന്നുമുതല്‍ പത്ത് വരെയുള്ള അക്കങ്ങള്‍ യഥാക്രമം നീലനിറത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.


ക്രീം കളര്‍ സ്കര്‍ട്ടും ടോപ്പുമണിഞ്ഞ് കൈയില്‍ രക്തസമ്മര്‍ദ്ദമാപിനിയുമായി ഒന്നാം നമ്പര്‍ ബെഡിനടുത്തേക്ക് ധൃതിയില്‍ നടക്കുന്നത് സിസ്റ്റര്‍ ടെസ്സിയാണ്. കുണുങ്ങിയും ചാടിയും ഒരു താറാവിന്റെത് പോലെയാണ് സിസ്റ്ററുടെ നടത്തം. വശ്യസുന്ദരമായ ആ മുഖത്ത് എപ്പോഴും ആര്‍ദ്രഭാവം. പക്ഷെ ഇപ്പോള്‍ സിസ്റ്ററുടെ മുഖത്ത് വല്ലാത്ത പിരിമുറുക്കമുണ്ട്. അത് മനസ്സിലാക്കിയിട്ടാവാം, ഡ്യൂട്ടി റൂമില്‍ നിന്നും സീനിയര്‍ സിസ്റ്റര്‍ മറിയാമ്മയും ഒന്നാം നമ്പര്‍ ബെഡിനടുത്തേക്ക് നീങ്ങി.


ഒന്നാം നമ്പറ്


ഡ്രിപ്പ് ബോട്ടിലിനും കനൂലകള്‍ക്കുമിടയില്‍ മലമൂത്രവിസ്സര്‍ജ്ജനത്തിനുള്ള ട്യൂബുകള്‍ ഘടിപ്പിച്ച നിലയില്‍ കറുത്ത് മെല്ലിച്ച ശരീരം ആ വെളുത്ത കട്ടിലില്‍ വളഞ്ഞു കിടപ്പുണ്ട്. കട്ടിലിന്റെ വശത്ത് കൂടെ ഞാന്ന് തൂങ്ങിയ പ്ലാസ്റ്റിക് ബാഗില്‍ കടും മഞ്ഞ നിറത്തില്‍ മൂത്രം പതഞ്ഞു നുരഞ്ഞ് ഒരു ഗര്‍ഭിണിയുടെ വയര്‍ പോലെ വീര്‍ത്ത് നില്‍ക്കുന്നു. ഇരുമ്പുകട്ടിലിന്റെ കാല്‍കമ്പികളില്‍ തൂക്കിയിട്ടിരിക്കുന്ന വലപ്പെട്ടിയില്‍ ബഹുവര്‍ണ്ണത്തിലുള്ള സ്കാനിംഗ് സ്ഥാപനങ്ങളുടെ തലയെടുപ്പോടെയുള്ള ചിത്രങ്ങള്‍ ആലേഖനം ചെയ്ത അനേകം സ്കാന്‍ ഫിലിം ഫോള്‍ഡറുകള്‍. അവയിലെല്ലാം പേരിന്റെ സ്ഥാനത്ത് ദൊരൈസ്വാമി എന്നും വയസ്സ് 52 എന്നും സ്ഥലപ്പേരിന്റെ സ്ഥാനത്ത് തെങ്കാശി എന്നും പലവിധ മഷികളില്‍ എഴുതപ്പെട്ടിരിക്കുന്നു.


ദൊരൈസ്വാമിയുടെ രക്തസമ്മര്‍ദ്ദം മാപിനിയുപയോഗിച്ച് തിട്ടപ്പെടുത്തിയ ശേഷം ഡ്രിപ്പ് ബോട്ടിലിനുള്ളിലേക്ക് ഒരു ഡോസ് മരുന്നുകൂടെ നീഡിലുപയോഗിച്ച് ഇഞ്ചക്റ്റ് ചെയ്യുകയാണ് സിസ്റ്റര്‍ ടെസ്സി. ഇപ്പോള്‍ ആ മുഖത്തെ പിരിമുറുക്കം അല്പമൊന്ന് അയഞ്ഞിട്ടുണ്ട്. ദൊരൈസ്വാമിയുടെ ശ്വാസത്തിന്റെ താളവും ഒരല്പം ക്രമമായി എന്ന് തോന്നുന്നു.


"രാവിലെ ഒന്നും ശരിക്ക് കഴിച്ചുകാണില്ല. സാരമില്ല, ഇനി കുറച്ച് ഉറങ്ങിക്കോട്ടെ " - ദൊരൈസ്വാമിയുടെ വളര്‍ന്നുതുടങ്ങിയ തലമുടിയിഴകളിലൂടെ തന്റെ കൈപ്പടം മെല്ലെ ഓടിച്ചുകൊണ്ട് പരുക്കന്‍ ശബ്ദത്തില്‍ മറിയാമ്മ സിസ്റ്റര്‍ പറയുന്നത് കേള്‍ക്കാം. മറിയാമ്മ സിസ്റ്ററുടേത് ആണുങ്ങളുടേത് പോലെയുള്ള ശബ്ദമാണ്. കാഴ്ചയിലും അവര്‍ ഒരു ഒശത്തിയാണ്. ഒറ്റ നോട്ടത്തില്‍ ഉഗ്രരൂപിണിയെന്ന് തോന്നുമെങ്കിലും വളരെ പാവമാണ് അവര്‍.


"ഇന്നിപ്പോള്‍ രണ്ടാഴ്ചയായില്ലേ. ഇനി ഒരാഴ്ച കൂടെ കിടന്നാല്‍ കുറച്ച് ആശ്വാസമാകുമായിരിക്കുമെന്നാണ് ഡോക്ടര്‍ പറഞ്ഞത്. അല്ല; വരുമ്പോഴത്തെ അവസ്ഥ വച്ച് നോക്കുമ്പോള്‍... "


"ശരിയാ.. ആദ്യദിവസങ്ങളില്‍ ശരിക്ക് പേടിച്ചുപോയിട്ടുണ്ട്." - ടെസ്സി സമ്മതിച്ചു.


ദൊരൈസ്വാമിക്ക് പഴയ സാധനങ്ങള്‍ പെറുക്കിവില്‍ക്കലാണ് പണി. വീട്ടില്‍ പൊണ്ടാട്ടിയും രണ്ട് കുട്ടികളും. അവരും ഇത് തന്നെ ചെയ്യുന്നു. അസുഖമെന്താണെന്ന് ദൊരൈസ്വാമിയോട് ചോദിച്ചാല്‍ തലേല്‍ ചെളികെട്ടാണെന്നാവും തമിഴ് കലര്‍ന്ന മലയാളത്തില്‍ പറയുക. തലച്ചോറിലെ നാഡിവ്യവസ്ഥകളില്‍ അണുബാധയേറ്റതാണെന്ന് സിസ്റ്റര്‍ ടെസ്സിയാണ് പറഞ്ഞത്. ഇവിടെ കൊണ്ടുവരുമ്പോള്‍ രക്ഷപ്പെടുവാനുള്ള സാധ്യത വിരളമായിരുന്നു പോലും. ആദ്യമൊക്കെ മരുന്നുകളോട് ശരീരം പ്രതികരിക്കുവാന്‍ കൂട്ടാക്കുമായിരുന്നില്ലത്രെ! ഭക്ഷണമോ മരുന്നോ എന്തുകൊടുത്താലും നിര്‍ത്താതെയുള്ള ഛര്‍ദ്ദിലും. രണ്ടുകണ്ണുകളുടെയും കാഴ്ചക്ക് മങ്ങലേറ്റിട്ടുണ്ട്. ഇപ്പോള്‍ കുറച്ച് ഭേദമായിട്ടുണ്ടെന്നാണ് ടെസ്സി സിസ്റ്റര്‍ പറയുന്നത്. സിസ്റ്ററാണ് ഇവിടെയുള്ള മിക്കവരെയും കുറിച്ച് പറഞ്ഞു തന്നത്. എല്ലാവരോടും വല്ലാത്ത ഇഷ്ടമായിരുന്നു സിസ്റ്റര്‍ക്ക്. വല്ലാത്ത ഒരു വാത്സല്യഭാവം. അല്ലായിരുന്നെങ്കില്‍ ദാ ആ മൂന്നാം നമ്പറിലെ രോഗിയെ വേറെയാരെങ്കിലുമായിരുന്നെങ്കില്‍ ശരിയാക്കിയേനേ.. അതിപ്പോള്‍ ഇവിടെ കണ്ടുമുട്ടിയ എല്ലാ സിസ്റ്റര്‍മാരും സ്നേഹത്തിന്റെ ആള്‍‌രൂപങ്ങള്‍ തന്നെ!


മൂന്നാം നമ്പറ്


അവന്റെ കിടപ്പുകണ്ടാല്‍ ഇങ്ങിനെയൊക്കെ ചെയ്യുമെന്ന് കരുതാനേ കഴിയില്ല. വല്ലാത്ത പുകിലാകുമെന്നാ കരുതിയത്. ടെസ്സി സിസ്റ്റര്‍ അത് നിസ്സാരവല്‍കരിച്ചത് എത്രയോ വലിയ കാര്യം. പാവം! അവന്റെ ചിരി കണ്ടില്ലേ? നിഷ്കളങ്കമായ ചിരി!! നോട്ടം നോക്കിക്കേ.. അവനെ പറ്റിയാണെന്ന് മനസ്സിലാക്കിയിട്ടുണ്ട്.


"ഇങ്ങളിപ്പോ കൂട്ടംകൂടുന്നത് ന്റെ കാര്യാന്ന് എനിക്ക് നല്ല നിശ്ചയംണ്ട്. ഇങ്ങിനെ കളിയാക്കാന്‍ മാത്രമെന്താ ഉള്ളതെന്ന് നിക്ക് മനസ്സില്യാവണില്ല്യ. ആ രമേശേട്ടനാ ഇതിനൊക്കെ കാരണം. " അഞ്ചാം നമ്പര്‍ ബെഡിലെ രമേശിനെ നോക്കി സാം കുരിശ്ശിങ്കല്‍ ഗോഷ്ഠി കാട്ടി.


"അവന്‍ ചെയ്തതോ.. ...."


"വേണ്ട..വേണ്ടാ..നിക്കറിയാം പറയാന്‍. അല്ലെങ്കീ ഇങ്ങളെല്ലാം കൂടെ അതേല്‍വെള്ളം ചേര്‍ക്കും. " - സാമിന്റെ വാക്കുകള്‍ കേട്ട് ആദ്യം പൊട്ടിച്ചിരിച്ചത് സിസ്റ്റര്‍ ടെസ്സിയായിരുന്നു.


ഇവന്‍ സാം കുരിശ്ശിങ്കല്‍. പാലക്കാട് പെരിങ്ങോട് സ്വദേശി. വയസ്സ് 25. അപ്പച്ചന്റെയും അമ്മച്ചിയുടെയും ഒരേ ഒരു സന്താനം. ഹാ, കാഴ്ചയില്‍ തന്നെ ചെറിയ ഒരു കുഴപ്പം തോന്നുന്നുണ്ട് എന്നല്ലേ.. എന്ത് ചെയ്യാം! ജന്മശിഷ്ടം അവന് ബാക്കിയായത് എപ്പിലപ്സിയുടെ സങ്കീര്‍ണ്ണമായ പ്രശ്നങ്ങള്‍. ഒപ്പം അതിന്റെ കൂടെ ചെറിയ തോതില്‍ മാനസീക വികാസക്കുറവും. പക്ഷെ, എല്ലാ കാര്യങ്ങളും ആള്‍ക്ക് തിരിച്ചറിയാം. എല്ലാവരെയും തിരിച്ചറിയാം. ആരുമായും അധികം കൂട്ടുകൂടാത്ത പ്രകൃതമായിരുന്നു സാം. നാട്ടിലും ഇവിടെയും. ഇപ്പോള്‍ അതിനൊരു മാറ്റമായിട്ടുണ്ട്. ഒരു പരിധി വരെ അതിന് കാരണം അഞ്ചാം നമ്പറ് ബെഡിലെ രമേശാണ്. രമേശിന്റെ വര്‍ത്തമാനങ്ങളില്‍ നിന്നും ചില രസച്ചരട് പിടിച്ചാണ് അവന്‍ ടെസ്സി സിസ്റ്ററെ..


"ദേ.. നിക്ക് ദ്വേഷ്യം വരണുണ്ട്ട്ടാ... ന്റെ കാര്യങ്ങള് ഞാന്‍ പറഞ്ഞോളാന്ന് പറഞ്ഞതല്ലേ നിങ്ങളോട്! ഹായ്, ഇതെത്ര പറഞ്ഞാലും മനസ്സിലാവില്ല്യാന്ന്വച്ചാല് " - സാമിന്റെ മുഖത്ത് നിന്നും പുഞ്ചിരി അസ്തമിച്ചതും അവിടം ഇരുണ്ടതും പെട്ടന്നായിരുന്നു.


"ഈ രമേശേട്ടന്‍ പറഞ്ഞിട്ടാ ഞാനാ സിസ്റ്ററേച്ചിനെ അങ്ങനെ കേറിപ്പിടിച്ചേ.. ആ സിസ്റ്ററേച്ചിക്ക് ന്നെകല്യാണം കഴിക്കാന്‍ വല്ലാണ്ട് ആശേണ്ട്ന്നൊക്കെ പറഞ്ഞപ്പോ.. ഞങ്ങ രണ്ടാളും കൂടി നല്ല പൊരുത്താന്നൊക്കെ ഈ കള്ളച്ചേട്ടന്‍ പറഞ്ഞകേട്ടപ്പോ.. സിസ്റ്ററേച്ചി വന്നപ്പോഴ് പെട്ടന്ന് അങ്ങനെ പൊത്തിപ്പിടിക്കാനാ തോന്ന്യേ.“ - സാമിന്റെ മുഖം വല്ലാതെ വിവര്‍ണ്ണമായി.


"പോട്ടെന്റെ സാം മോനെ.. അതിനിപ്പൊ കുഴപ്പില്ലന്നേ. ടെസ്സി ചേച്ചിക്ക് നിന്നെ ഇഷ്ടോണെന്നേ.." മറിയാമ്മ സിസ്റ്റര്‍ ചിരിച്ചു. "നീ രാവിലെ വല്ലതും കഴിച്ചാരുന്നോ?"


"ഹും! സിസ്റ്ററോട് ഞാന്‍ മിണ്ടൂല്ല്യാ! ഉപ്പുമാവിന്റൊപ്പം ആരെങ്കിലും കോളിഫ്ലവര്‍ചാറ് വെയ്കോ? "


"സാമേ, നമുക്ക് പച്ചചേച്ചീനോട് പരാതിപറയാട്ട്ടാ" - രമേശ് കട്ടിലിലിരുന്ന് ചിരിച്ചുകൊണ്ട് പറഞ്ഞു. രോഗികള്‍ക്കുള്ള ഡയറ്റ് ചാര്‍ട്ട് തയ്യാറാക്കുന്ന പ്രസന്ന സിസ്റ്റര്‍ക്ക് രമേശ് ഇട്ടിരിക്കുന്ന പേരാണ് പച്ചചേച്ചി. മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തമായി അവരുടെ യൂണിഫോം പച്ച നിറത്തിലെ സാരിയായിരുന്നു.


"വേണ്ടാ.. രമേശേട്ടന്‍ എന്നോട് മിണ്ടണ്ട...” വാര്‍ഡിലെ പിരിമുറുക്കം നിറഞ്ഞ അന്തരീക്ഷത്തിന് ഒരു അയവു വന്നത് പോലെ എല്ലാവരും പൊട്ടിച്ചിരിച്ചു.


"എന്തിനാ രമേശാ ആ കൊച്ചനെ വെറുതെ കീരിപ്പിടിപ്പിക്കുന്നേ" - മറിയാമ്മ സിസ്റ്റര്‍ രമേശിന്റെ നേരെ തിരിഞ്ഞു.


"ഇതൊക്കെയല്ലെന്റെ സിസ്റ്ററേ നമക്കിവട ആകെയൊരാശ്വാസം!"


"ഹും. അതും ശരിയാ. ഇവരെയൊക്കെ ചിരിപ്പിച്ച് നീ സ്വന്തം ദു:ഖം മറക്കാന്‍ ശ്രമിക്കുന്നത് കാണുമ്പോള്‍.. ഇവന്റെ കഥ അറിയാമോ? "


"ദേ , സിസ്റ്ററേ. ഒരു മാതിരി കോഞ്ഞാട്ടാപ്പണിയെടുക്കണ്ടാട്ടാ... എന്റെ കഥയുടെ പേറ്റന്റാവകാശൊം എനിക്കു തന്നെയാന്നേ. അത് ഞാന്‍ തന്നെ പറഞ്ഞോളാട്ടാ"


മറിയാമ്മയും ടെസ്സിയും പൊട്ടിച്ചിരിച്ചുപ്പോയി.


അഞ്ചാം നമ്പറ്


എന്റെ പേര് രമേശ്‌നാട്ടാ.. നാട് തൊറവൂരാണേ.. ദതന്നെ. നമ്മടെ ആലപ്പൊഴേലെ തൊറവോര്. പഴേപോലല്ലാട്ടാ, ഇപ്പ ആണുങ്ങളും വയസ്സ് പറയാമ്പാടില്ലാന്നാ.. എന്നാലും ഒരു 33 പിടിച്ചോട്ടാ. പിന്നെ പണീട കാര്യം! അത് എന്തും ചെയ്യൂട്ടാ.. മീന്‍ കച്ചോടം മൊതല്‍ പട്ടിക്കച്ചോടം വരേണ്ട്നിക്ക്. ങേ, ഇവിടിപ്പ എന്തൂട്ടിനാ കെടക്കണേന്നല്ലേ.. .... സത്യമ്പറഞ്ഞാ ഒരു സര്‍ട്ടീക്കറ്റ് കിട്ടാനക്കൊണ്ടാ.. അത് കിട്ടാല് ഈ സൂക്കേടാന്ന് തെളിഞ്ഞ കേരളത്തിലെ ആദ്യത്തെ ആള് ഞാനാവോന്നാ ആലപ്പൊഴ മെഡിക്കല്‍ കോളേജിലെ രാജ്‌മോഹന്‍ ഡോക്ടര്‍ പറഞ്ഞതേ. അതൊര് നല്ല കാര്യോല്ലേന്ന്! നമക്കെവടേങ്കിലും ഒന്ന് ഒന്നാമതാവാല്ലാ...!! അല്ലാണ്ട് നമ്മടെ പാടേടിന് മരൊന്നൊന്നും ദിത്‌വരെ ഒരവനും കണ്ടുപിടിച്ചില്ലാന്നൊക്കെ നമക്ക് അറിയാമ്പാടില്ലേ.. നമ്മളൊക്കെ വല്ലേ പുള്ളികളല്ലേപ്പാ.


നിരാശ കലര്‍ന്ന ഒരു പുഞ്ചിരിയോടെ രമേശ് പറഞ്ഞത് കേട്ട് മറിയാമ്മ സിസ്റ്ററില്‍ നിന്നും ഒരു നെടുവീര്‍പ്പുയര്‍ന്നു.


ഹെന്റെ സിസ്റ്ററേ.. സിസ്റ്ററിതെന്തൂട്ടിനാ ഇങ്ങിനെ വെശമിക്കണേ. ഇതിലൊന്നും വല്യകാരില്ലാന്നേ.. അല്ലേലും ഈ ദൈവംതമ്പുരാന്‍ വല്ലാത്ത ചതിയോനാ.. ചതിക്കുമ്പ അങ്ങോര് കൂട്ടായിട്ട് തന്നെ ചതിച്ചുകളേം. അല്ലെങ്കി പോളിയോ വന്ന് കാല് തളര്‍ന്ന എനിക്കന്നെ ഈ പോസ്റ്റ് പോളിയോങ്കൂട തന്ന് ചതീക്കോര്‍ന്നാ..? ഹല്ല, അതീന് മുമ്പേതന്ന സ്വന്തക്കാരിക്കടേം ബന്ധൂക്കാരിക്കടേം രൂപത്തില് പൊട്ടിമൊളച്ചിട്ട് എനിക്കൊരു പൊട്ടിപ്പെണ്‍കൊച്ചിനെ കല്യാണങ്കഴിപ്പിച്ച് തന്നോനല്ലേ അങ്ങോര്..! ദുഷ്ടനാട്ടാ അങ്ങോര്.. മുടിഞ്ഞ ദുഷ്ടന്‍.


എന്റെ അച്ഛന്‍ നല്ല കറതീര്‍ന്ന അരയനാട്ടാ. അമ്മേണിങ്കി കൊങ്കിണീം. പണ്ട് നാട്പിടിച്ചുകുലുക്കിയ വല്യ പ്രേമക്കാരാ.. പറഞ്ഞിട്ട്കാരൂല്യാ. മോന്റെ കാര്യം വന്നപ്പ അച്ചന്റെം അമ്മടേം ഗ്യാസാ പോയി. അപ്പ വിപ്ലവോമ്പോയി! ആദര്‍ശോമ്പോയി! എനിക്കോണ്ടാര്‍ന്നേ ഒരു പെങ്കൊച്ചിനോട് പ്രേമം. വേറാരോല്ലാട്ടാ. നമ്മട അമ്മാവന്റെ മോളാ. ഈ കൊങ്കിണിമാര്‍ക്ക് പെങ്കൊച്ചുങ്ങള് വയസ്സറീക്ക്മ്പ ചെല ചടങ്ങളക്കേണ്ട്. അത്തരത്തിലൊരു ചടങ്ങില് വെച്ച് ഈ കാരണോന്മാരെന്ന് പറേണ പടപ്പുകളൊക്കെ ചേര്‍ന്ന് ഞങ്ങള തമ്മീ അങ്ങട് മംഗലം കഴിപ്പിച്ച്! പിന്ന ശാന്തിമുഹൂര്‍ത്തോന്നൊക്കെ പറഞ്ഞ് ഒരു മുറിലൊക്കെ അടച്ചിട്ട്. ചുമ്മാ ചടങ്ങാ. അല്ലാണ്ട് അതിലൊന്നൂല്ലാന്ന്! അന്ന് നമക്ക് വല്ലതറിയോ? ചുമ്മാ കൊറേ നേരം ഞങ്ങള് രണ്ടും കൂട പതിനാറ് നെര കളിച്ച്! ഇപ്പ ഓര്‍ക്കുമ്പ തോന്നണുണ്ട് നെരകളിക്കാണ്ട നേരോര്‍ന്നില്ല അതെന്ന്. ഹല്ല പിന്നെ!!


ടെസ്സി സിസ്റ്റര്‍ വായപൊത്തിച്ചിരിച്ചു.


സിസ്റ്ററ് ചിരിക്കാനക്കൊണ്ട് പറഞ്ഞതല്ലന്നേ. കാര്യായിട്ടാ. അന്നെന്തേലും കന്നന്തിരിവ് കാട്ടീര്‍ന്നെങ്കീ ഇപ്പ ഞാമ്പോയാലും എന്റെ പുള്ളങ്ങക്ക് അമ്മേണ്ടാവോര്‍ന്ന്!! ഇതിപ്പ ഒരമ്മീണ്ടാന്ന് ചോദിച്ചാ ഇണ്ട് താനീം ഇല്ലേന്ന് ചോദിച്ചാ ഇല്ലതാനും!!


ഞങ്ങട തൊറക്കാരിക്ക് ചെല വെശ്വാസങ്ങളൊക്കേണ്ട്. കെട്ടീക്കൊണ്ട് വന്ന പെങ്കൊച്ചിനെ പൊന്ന്പോലെ നോക്കിക്കൊള്ളണോന്ന് അത്തരത്തിലൊര് വിശ്വാസാട്ടാ. അല്ലെങ്കി ലത് ശര്യാവില്ലാന്ന്യെ. ഇപ്പ എന്റ കൂടപ്പിറപ്പിനും സ്വന്തക്കാര്‍ക്കോക്ക ഞാനും ന്റെ പെരക്കാരും വല്യേ ബാധ്യതായീന്നാ പറേന്നേ.. ഹല്ല, എന്റെ സ്വത്തൊക്കെ ഞാനെന്റെ പുള്ളത്തുങ്ങള്‍ള്ട പേരില് വക്കീലിന്റവിട ബില്ലാക്കേത് കൊണ്ടാട്ടാ.. ഇനീപ്പ എന്റേന്ന് ഒന്നും കിട്ടൂല്ലാല്ലാ. ഇവരൊക്കെ തന്നെയാട്ടാ എന്നോട് ഒന്നും പറയാണ്ട് ഊമേം ബധിരേം ആയ പെങ്കൊച്ചിനെ തലേല് വെച്ച് തന്നതേ. എന്നിട്ടും പോരാഞ്ഞിട്ട് പുള്ളേരിണ്ടായാ അവളട സൂക്കേട് മാറോന്ന് പറഞ്ഞ് ഒറക്കഗുളിക കൊടുത്ത് അതിന ശവമ്പോലെ കെടത്തീ എല്ലാരും കൂട എന്നെക്കൊണ്ട് ആദ്യം ഒരു കൊച്ചിനേം ഉണ്ടാക്കിച്ച്. എന്നിട്ട് സൂക്കേട് മാറിയാ..? അതൂല്ല! ആ കൊച്ചിനേം ഓള് ഒപദ്രവിക്കാനും തൊടങ്ങി. അതിന് വല്ലോം അറിയോ? പാവം! എന്നിട്ടിപ്പ ഞാനാപെങ്കൊച്ചിനെ കൊണ്ടോയി നടതല്ലണോന്ന് പറഞ്ഞാല് എനിക്ക് മേല. അതൊരു മിണ്ടാപ്രാണിയാല്ലേ? അതെന്തൂട്ട് തെറ്റ് ചെയ്തിട്ടാ?


"നന്നായി മോനേ. നിന്റെ ഈ മനസ്സ് കര്‍ത്താവ് തമ്പുരാന്‍ കാണുന്നുണ്ട്. “


ദേ സിസ്റ്ററേ അങ്ങേരെപറ്റി മാത്രം എന്നൊട് പറയരുത്ട്ടാ. നമ്മ തമ്മീ തെറ്റോയ്.. അല്ലെങ്കീ തന്നെ അങ്ങേര് അത്ര നല്ല പുള്ളിയാണെങ്കീ ദേ, ഇവിടെ കെടക്കണ ഒരാളെയെങ്കിലും ഒന്ന് പെട്ടന്ന് സൊകോക്കി വിട്ടൂടേ അങ്ങോരിക്ക്. എന്റെ കാര്യം പോട്ടെ, ദേ ആ ഏഴിലെ അജീന്റെ കാര്യം തന്ന നോക്ക്. എന്തൊരൈശ്വര്യാ ആ മൊഖത്ത്. എന്നിട്ടെന്തൂട്ടിനാ. ഒരു ദെവസം നേരം വെളുത്തപ്പ മൊതല് കെടത്തിക്കളഞ്ഞില്ലേ? ഹാ, പറഞ്ഞ് തീര്‍ന്നില്ല ദേ, പുള്ളീന്റെ മേത്ത് പഠനം നടത്താനായിട്ട് ഡോക്ടര്‍മാരുടെ പട എത്തിയല്ലോ! ഞാനൊരു ദെവസം നമ്മട ആശ ഡോക്ടറോട് പറഞ്ഞതാ ഒരു രണ്ട് കോടി രൂപ എന്റെ പുള്ളക്ക് കൊടുത്തിട്ട് എന്നെ ജീവനോടെ പഠിക്കാനെടുത്തോളാന്! അപ്പ ഡോക്ടറമ്മ പറയണ് കാശിന് ഇത്രക്ക് ആര്‍ത്തിപാടില്ലാന്ന്!! അത് ആര്‍ത്തിയാണോ ടെസ്സിസിസ്റ്ററേ? അജ്യേ.. ഇനി പൈസ തന്നാലേ പഠിക്കാന്‍ സമ്മതിക്കോള്ള്ന്ന് പറയ്ട്ടാ.. രമേശ് ചിരിച്ചു. മനസ്സ് കരഞ്ഞുകൊണ്ടുള്ള ചിരി.


ഏഴാം നമ്പറ്


Ajay Aravindan , 35 year old gentleman hailing from Ernakulam. Complaints started as intermittent tingling paresthesia of both feet – dorsum and sole below ankle. Since 4 months it has become continuous..... ഡോക്ടര്‍ ദീപക് മേനോന്‍ വിശദീകരിക്കുന്നത് സസൂക്ഷ്മം ശ്രദ്ധിച്ച് ഏഴാം നമ്പറ് ബെഡിന് ചുറ്റും കൂടിയിരിക്കുകയാണ് ഒരു കൂട്ടം മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍. പലരും എന്തൊക്കെയോ കുറിച്ചെടുക്കുന്നുണ്ട്. ചിലര്‍ സംശയങ്ങള്‍ ചോദിക്കുന്നു. അജയിന്റെ മുഖത്ത് ഇതിപ്പോള്‍ കുറേയായല്ലോ എന്ന നിസ്സംഗഭാവം മാത്രം.


കൈയിലിരുന്ന റബറൈസ്‌ഡ് സ്റ്റിക്ക് കൊണ്ട് അജയുടെ കാലുകളിലെ റിഫ്ലെക്സ് അളക്കുകയാണ് ഡോ.ദീപക്. അത് ഏതാണ്ട് ആബ്‌സെന്റ് ആണെന്ന് അവരുടെ സംസാരത്തില്‍ നിന്നും അറിയാം. വീണ്ടും ഓരോരുത്തരുടെയും വകയായി മടുപ്പിക്കുന്ന സെന്‍‌സേഷന്‍ ടെസ്റ്റുകള്‍! നീഡില്‍ പ്രയോഗങ്ങള്‍!! സ്പര്‍ശനശേഷിയിലെ വ്യതിയാനം മുകളിലും താഴെയും എത്ര കുറവ് എത്ര കൂടുതല്‍ എന്ന ചോദ്യങ്ങള്‍. മുന്‍ തലമുറകളിലെ ആളുകളെക്കുറിച്ചുള്ള തലനാരിഴകീറിയുള്ള പഠനം. അജയിന്റെ മുഖത്ത് വല്ലാത്ത അലോസരഭാവം. അസുഖം തരുന്ന പീഡനത്തേക്കാള്‍ കഠിനമാണ് ഈ പഠനപീഡയെന്ന് ആ മുഖം വിളിച്ചുപറയുന്നുണ്ട്.


അജയിനെപ്പറ്റിയും ആദ്യം പറഞ്ഞത് ടെസ്സി സിസ്റ്റര്‍ തന്നെ. അധികമാരോടും വലിയ അടുപ്പം ഇല്ലാത്ത പ്രകൃതം. രമേശുമായാണ് ആകെ കൂട്ട്. എങ്കിലും തീര്‍ത്തും അന്ത:ര്‍മുഖന്‍ അല്ല. എറണാകുളത്തെ കിഴക്കമ്പലമാണ് സ്വദേശം. ഇന്‍ഫോപാര്‍ക്കില്‍ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറായി വര്‍ക്ക് ചെയ്യുന്നു. വിവാഹിതന്‍. രണ്ടുകുട്ടികളുടെ പിതാവ്. പെട്ടന്ന് ഒരു ദിവസം മുതല്‍ കാലുകള്‍ക്ക് ബലക്കുറവും നടക്കുവാനുള്ള ബുദ്ധിമുട്ടും. അങ്ങിനെയായിരുന്നു തുടക്കം. ഒരു പക്ഷെ നിനച്ചിരിക്കാതെ പെട്ടന്ന് ഉണ്ടായ അസുഖം ആവാം അവനെ അത്രയധികം ആരോടും മനസ്സുതുറക്കാത്ത പ്രകൃതമാക്കിയതെന്ന് തോന്നുന്നു. അതല്ലാതെ ഒറ്റനോട്ടത്തില്‍ ആളെ കണ്ടാല്‍ സംസാരിക്കുവാന്‍ വിമുഖതയുള്ള ആണെന്ന് പറയില്ല. അസുഖമെന്തെന്ന് ചോദിച്ചാല്‍ ചിരിച്ചുകൊണ്ട് അജയ് രമേശിന്റെ വാക്കുകള്‍ കടം കൊള്ളും. "കിംഗ് & കമ്മീഷണര്‍ സിന്‍ഡ്രോം"!!


കേള്‍ക്കാന്‍ നല്ല രസം അല്ലേ? ക്രോണിക് ഇന്‍ഫ്ലെമേറ്ററി ഡീമൈലിനേറ്റിങ് പോളിന്യൂറോപ്പതി എന്ന നീട്ടിവലിച്ചുള്ള അസുഖപേരു കേട്ടപ്പോള്‍ രമേശ് പറഞ്ഞത് ഇത് നമക്കൊന്നും പറ്റിയ പേരല്ലാട്ടാന്നാണ്. ഇതിപ്പ ഷാജി കൈലാസും രണ്‍ജി പണിക്കരും കൂട ആ കിംഗിനെം കമ്മീഷണറിനേം ഒന്നിപ്പിച്ച പോലേണ്ട്. നമക്കിതിന കിംഗ് & കമ്മീഷണര്‍ സിന്‍‌ഡ്രോം എന്ന് വിളിക്കാട്ടാ. എല്ലാം ഒരു തമാശയായി കാണാനാ രമേശിന് ഹരം.


ഉച്ചയൂണിനുള്ള സമയമായി. ഡയറ്റ് ചാര്‍ട്ടുമായി പച്ചചേച്ചിയും കാന്റിന്‍ ജീവനക്കാരും വാര്‍ഡില്‍ സന്നിഹിതരായിട്ടുണ്ട്. ഓരോരുത്തര്‍ക്കുള്ള ഭക്ഷണസാധനങ്ങള്‍ ചാര്‍ട്ട് നോക്കി സൂക്ഷ്മതയോടെ എത്തിക്കുന്നതില്‍ വ്യാപൃതരാണവര്‍. എങ്ങിനെയാണോ എന്തോ ഭക്ഷണത്തിന്റെ മണമടിച്ചപ്പോഴേക്കും അതുവരെ ഉറക്കമായിരുന്ന ഒന്‍പതാം നമ്പറിലെ പാറശ്ശാലക്കാരന്‍ ബാബു ചാടിയെഴുന്നേറ്റു. കൈകഴുകലും വെപ്രാളവും കണ്ടാല്‍ അങ്ങോര്‍ക്ക് പ്രത്യേകിച്ച് അസുഖമൊന്നുമില്ലെന്ന് തോന്നിപ്പോകും.


ഒന്‍പതാം നമ്പറ്


.. തന്നെ തന്നെ. ഇതൊക്കെ എന്റെ മൊടയാണന്നല്ലേ പറഞ്ഞേ. ഇദന്നാ വീട്ടിലൊള്ള കൊച്ച്ങ്ങളും പറയണത് കേട്ടാ. ഈ തന്തക്കഴുവേറിക്ക് തിന്നട്ട് എല്ലിന്റെടേല്‍ കുത്തണേന്റേണെന്ന്!! വളര്‍ന്ന് എന്തെരെങ്കിലുമൊക്കെ ആയെന്ന് തോന്നാന്‍ തൊടങ്ങ്യാ പിന്ന എന്തര് തന്ത എന്തര് തള്ള അല്ല്! കയ്യില് കൊറേ കായികള്‍ വന്നപ്പ തെങ്ങേ കേറണ തന്തക്ക് കെട്ട നാറ്റായിപ്പോയത്രെ! ഈ നെഞ്ചത്ത്ന്ന് എറങ്ങാണ്ട് നെരങ്ങീര്‍ന്ന കൊച്ചനാര്ന്ന് കേട്ടാ.. വോ, എന്തര് കൊസറാക്കൊള്ളിത്തരം കാട്ടിയാലും സ്വന്തം ചോരകള് അല്ലേന്ന്! നമക്കാ വാസ്തവങ്ങള് വിസ്മരിക്കാമ്പറ്റോ, അല്ലേഅപ്പീ? തള്ളേ കൊള്ളാം! ഒരു വെശമോം ഇല്ലാന്നെ. കാര്യങ്ങള് ഞെരിപ്പായിട്ടങ്ങ് പോട്ടെന്ന്. അവരിക്കട വാശികളൊക്കെ നടക്കട്ട്. എന്തെരെങ്കിലുമൊക്കെയായീന്നൊരു തോന്നലുണ്ടല്ല്. അദന്ന നല്ലതല്ലേന്ന്. എന്തരാലും തന്തന ജ്യോലിക്ക് വിടാണ്ടിരിക്കാനൊള്ള മനസ്സ്കാട്ടീട്ടാ. ഓ തന്നെ, എവന് മോശക്കേടാന്ന്. ഇപ്പ പിന്ന പറ്റാണ്ടുമായല്ല!!


ചോറിലേക്ക് തൈരു കുടഞ്ഞൊഴിച്ച് കുഴച്ചുരുട്ടി വായിലേക്ക് വെക്കുമ്പോഴും ബാബു പറഞ്ഞുകൊണ്ടേയിരുന്നു.


ബാബുവിന്റെത് സൂചികുത്തുമ്പോലെയുള്ള മുട്ടുവേദനയാണത്രെ! വെരിക്കോസിസ് വെയിനിന്റെ പ്രശ്നമായിരിക്കാമെന്നാണ് മറിയാമ്മ സിസ്റ്റര്‍ പറഞ്ഞുകേട്ടത്. സിസ്റ്റര്‍ ഇടക്ക് ഇങ്ങിനെ ചില നിഗമനങ്ങളൊക്കെ നടത്തും. തന്റെ എക്സ്പീരിയന്‍സിന്റെ ആഴം തുറന്ന് കാട്ടാന്‍ കിട്ടുന്ന ഒരവസരവും സിസ്റ്റര്‍ പാഴാക്കാറില്ല. കാഴ്ചയില്‍ ബാബുവിന് അത്രവലിയ പ്രശ്നങ്ങളൊന്നും ഇല്ല. രസികനാണ്. കുറച്ച് നാടന്‍ പാട്ടും അല്പം വഷളത്തരങ്ങളുമൊക്കെയായി വാര്‍ഡിനെ ചില സമയങ്ങളില്‍ ജീവസ്സുറ്റതാക്കുന്നത് ബാബുവാണ്. ലൈംഗീകച്ചുവയുള്ള വര്‍ത്തമാനങ്ങളോടാണ് പ്രിയം. പത്താം നമ്പറിലെ അയ്യപ്പനാണ് മിക്കപ്പോഴും ബാബുവിന്റെ ഇര.


പത്താം നമ്പറ്


ഉയര്‍ത്തിവെച്ചിരിക്കുന്ന ബെഡില്‍ ചാരിയിരുന്ന് വിറക്കുന്ന കൈകള്‍ കൊണ്ട് കഞ്ഞികോരിക്കുടിക്കുകയാണ് അയ്യപ്പന്‍. ഓരോ പ്രാവശ്യം സ്പൂണ്‍ വായിലേക്ക് കൊണ്ടുപോകുമ്പോഴും കഞ്ഞിയും വെള്ളവും കൂടി ഒലിച്ചിറങ്ങി കപ്പായത്തില്‍ നനവ് പടര്‍ന്നിട്ടുണ്ട്. വെളുത്ത് മെലിഞ്ഞ കുറിയ ശരീരപ്രകൃതം. ശരീരം വല്ലാതെ വിറക്കുന്നുണ്ട്. മൂക്കിലേക്ക് ഇറക്കിവെച്ചിരിക്കുന്ന കട്ടിക്കണ്ണടയിലൂടെ നനഞ്ഞ് പടര്‍ന്ന കുപ്പായത്തിലേക്ക് നോക്കി അയ്യപ്പന്‍ ഇളിഭ്യനെപ്പോലെ വെളുക്കെ ചിരിച്ചു.


ആനപ്പാപ്പാനായിരുന്നു അയ്യപ്പന്‍. തൃപ്രയാറാണ് നാട്. ഗുരുവായൂര്‍ ക്ഷേത്രത്തിലെയും മറ്റും സ്ഥിരം ആനക്കാരനായിരുന്നു. ജോലിയില്‍ അസാമാന്യമായ പാടവം. ഏതൊരാനയേയും പെട്ടന്ന് വരുതിയിലാക്കാനുള്ള മിടുക്ക്.. ഇതൊക്കെക്കൊണ്ട് തന്നെ ആനകമ്പക്കാര്‍ക്ക് അയ്യപ്പനെ വലിയ മതിപ്പായിരുന്നത്രെ. കൈയില്‍ കാശ് ധാരാളമായപ്പോള്‍ കൂട്ട് കൂടാന്‍ ഒരുപാടാളുണ്ടായി. അങ്ങിനെ കൂട്ട് കൂടി കുടിയായി. ഒടുവില്‍ , കുടിച്ച് വെളിവുകെട്ട് ആനയോട് ഇടഞ്ഞപ്പോള്‍ സഹികെട്ട് ആന തൂക്കിയെടുത്ത് ഒരേര് കൊടുത്തു. ആ ഏറില്‍ തീര്‍ന്നു! അതോടെ തളര്‍ന്നുപോയീ. ഉണ്ടായിരുന്ന പുരയിടം വരെ വിറ്റുപെറുക്കി ഭാര്യ ഇപ്പോള്‍ ചികത്സക്കാനായി നെട്ടോട്ടമോടുകയാണ്.


"എന്തൂട്ടിനാന്നേ.. ആ ചേച്ചീന അയ്യപ്പന്‍ ചേട്ടന് മുട്ടന്‍ സംശ്യല്ലേ"


"തംശ്യക്കാണ്ടിരിക്കോ ന്റപ്പീ. അവളിപ്പളും നല്ല ചെല്ലക്കിളിയെപ്പോലല്ലേ ഇരിക്കണത്. അവന്റെ കിഷ്ണിം കുഷ്ണീം പോയാലും അവളൊക്കൊരെണ്ണം ഒപ്പിക്കാമ്പറ്റോല്ലാ. സ്വന്തം ചോരകളെപ്പോലും വിശ്വസിക്കാന്‍ പറ്റാത്ത കാലാണ്. അപ്പളാ! എന്തിര്, ശരിയല്ലേ അണ്ണാ" എട്ടാം നമ്പറില്‍ അട്ടം നോക്കി കിടക്കുന്ന സേവ്യറ് പോലീസിനോടായി ബാബു കുശുകുശുത്തു.


ഒരു ജ്യാതി മൈരോള് ഇഷ്ടോ, എടാ ബാബുവേ... നിന്റത് വെല്ലാത്ത കഴപ്പ് തന്നേട്ടാ ഗഡ്യേ. ആ പെങ്കൊച്ച് അയാളെങ്കൊണ്ട് എങ്ങനെങ്കിലും പെഴച്ചുപൊക്കോട്ടടാ “


തള്ളേ കൊള്ളാം! പറയണ പടപ്പേതാ മൊതല്“


എട്ടാം നമ്പറ്


ഞാനത്ര ഡീസെന്റൊന്നോല്ലന്നത് സത്യം തന്നാട്ടാ ശവ്യേ. അതെനിക്കന്നറിയാം. പക്ഷെ, അതെന്തൂട്ടാ കാരണോന്ന് അറിയോ നിനക്കൊക്കെ. വായോ പറഞ്ഞ് തരാം.


53 ലാണ് അമ്മച്ചി എന്നെ പെറ്റതേയ്. മ്മട മറ്റേ രണ്ട് ഗഡ്യോളും കൂടെ എവറസ്റ്റ് കീഴടക്ക്യേ ദിവസം. , മ്മിട ടെന്‍സിങും ഹിലാരീം! പരൂക്ഷക്ക് പഠിച്ചിട്ടില്ലേ? മെയ് 29. അങ്ങന അദൊര് സംഭവായി. ഏത്? മ്മക്കും മ്മിടളാളുകളൊക്കെ ചാലക്കുടീല്‍ തോനെ സ്ഥലോക്കെ ഉണ്ടായിരുന്ന്. ചാലക്കുടി ഏരിയേലൊക്കെ ഇപ്പളും സേവ്യറ് പോലീസിന്റെ വീടേതാന്ന് ചോദിച്ചാ മതി പിള്ളാര് പെടുക്കും! ങാ, അപ്പള് പറഞ്ഞ് വന്നത് കഥ. 59ലായിരുന്നല്ല മ്മട വിമോചനസമരം. കേട്ടിട്ടിണ്ടാ നിങ്ങളാരെങ്കിലും! എവടന്ന്.. എന്നാ ഞാന്‍ കണ്ടതാ. അനുഭവിച്ചതാ! അന്ന് എനിക്ക് വയസ്സ് ആറ്.


ഈ തലേന്ന് ഈരിനെ വലിച്ചെടുക്കുമ്പഴാ ഫ്ലോറിയമ്മായിക്ക് വെടികൊള്ളണതേയ്. , നമ്മട ചെറിയതൊറേലേ ഫ്ലോറി തന്നെ! ന്റെ അമ്മേന്റെ അകന്ന ചാര്‍ച്ചേല്‍ പെട്ടതാരുന്ന് അമ്മായി. വയറ്റികെടന്ന ഒരു നരുന്ത് ജീവനുള്‍പ്പെടേല്ലേ ഇയെമിന്റെ പന്നപ്പോലീസന്മാര്‍ അന്ന് വെടിവെച്ചിട്ടത്! എന്റെ മുന്നീ കെടന്ന് ബ്രാല് പെടയും പോലെ ഒരു പെട പെടച്ചൂ അമ്മായി. കാറിപ്പൊളിച്ച് കരഞ്ഞതും ആരാണ്ടും ന്നെ വലിച്ചെടുത്ത് ഓട്യേതും ഒരു മിന്നലാട്ടം പോലെ ഇപ്പഴും ഓര്‍മ്മേണ്ട്. പിന്ന എന്തക്ക പുകിലാര്‍ന്ന്. ജാഥ. കലാപം. മുദ്രാവാക്യങ്ങള്‍.


തെക്ക് തെക്കൊരു ദേശത്ത്, അലമാലകളുടെ തീരത്ത്, ഫ്ലോറിയെന്നൊരു ഗര്‍ഭിണിയെ, ചുട്ടുകരിച്ചൊരു സര്‍ക്കാരേ...


അന്ന് ഞാന്‍ മനസ്സോണ്ട് ക്രോഗ്രസീചേര്‍ന്നതാ.


പോലീസിനെ കണ്ടാ കൊറേക്കാലം ഞാന്‍ പേടിച്ച് കരയോരുന്ന്ന്നാ അപ്പന്‍ പറയാറ്. പിന്ന പിന്ന അവരോട് ഒരുജ്യാതി ഇഷ്ടോയട്ടാ. വലുതായപ്പ പിന്ന എന്തേലും പണിക്ക് പോണുണ്ടങ്കി പോലീസുദ്യോഗത്തിനേ പോകൂള്ളൂന്നൊരു വാശ്യായി. അങ്ങനേണ് 75ല് ഒരു താപ്പ് കിട്ടേപ്പ ഞാന്‍ പോലീസില് കേറണത്. അടിയന്തരാവസ്ഥ പിരിമുറുകി നില്‍ക്കണ ടൈമാണല്ല. നമ്മേണെങ്കി മുട്ടന്‍ കോങ്ക്രസ് അനുഭാവീം. നന്നായിട്ട് പ്രഷറൊക്കെ ചെലുത്തീട്ടാ ജോലിവാങ്ങേത്. എങ്ങനീം കമ്മ്യൂണിസ്റ്റുകള ഇല്ലാണ്ടക്കണോന്നാരുന്ന് മനസ്സില ചിന്ത. ഒന്നാമത് മ്മ സത്യകൃസ്ത്യാനി. പിന്ന മ്മട ഫ്ലോറിയമ്മായീടേം വയറ്റിലിണ്ടാര്‍ന്ന ക്ടാവിന്റേം ആത്മാവിന് ശാന്തികിട്ടണോങ്കില് അങ്ങനെ എന്തേലും ചെയ്യണോന്നൊര് തോന്നല്. ചോദിച്ച് വാങ്ങീതാ, കക്കയം ക്യാമ്പിലേക്ക് പോസ്റ്റിങ്! റെക്കമന്റേഷനായിട്ട് ചെന്നപ്പ അവടേക്കാണെങ്കിലേ വേക്കന്‍സിയുള്ളൂന്ന് പറഞ്ഞ് അന്നത്ത വല്യ ഒരുഗഡി. അവടേണെങ്കി മാത്രം എനിക്ക് ജോലി മതീന്ന് ഞാനും!! മ്മ ആരാ ടീമുകള്. അവട ഞാനൊരു വെലസാ വെലസീ.


ഈ ഉരുട്ടിക്കൊല ഉരുട്ടിക്കൊലാന്നൊക്കെ കേട്ടിട്ടിണ്ടാവോല്ല നിങ്ങള്‍. ഒരു ആളിനെ മലര്‍ത്തി കിടത്ത്യേട്ട് നെഞ്ച് മുതല്‍ പാദം വരെ ഉലക്ക കൊണ്ട് ഉരുട്ടും. അങ്ങനെ ഉരുട്ടുമ്പോള്‍ രക്തസമ്മര്‍ദ്ദം കൂടി രക്തക്കുഴലുകള്‍ പൊട്ടി ആളങ്ങട് വട്യാവും. ഈ ശാസ്ത്രോന്നും അറിഞ്ഞോണ്ടാരിന്നീല്ല അന്നിതൊക്കെ ചെയ്തത്. അന്നതൊരു വാശ്യാര്‍ന്ന്. കമ്മ്യൂണിസ്റ്റന്മാരോടും നക്സലേറ്റുകളോടും മനസ്സില് മൊഴോന്‍ പകേര്‍ന്ന്. കടുത്ത പക. അതിപ്പ ഇന്നും അങ്ങന തന്നേട്ടാ.


"ബെര്‍തെ അല്ല ഇപ്പിങ്ങനെ നടൂം പൊട്ടി അട്ടം നോക്കി മലക്കണ്ടി വന്നത് . അന്ന് ചെയ്തേന്റെ ശിക്ഷയാ മൂത്തപ്പാ" ആറാം നമ്പറിലെ ഭഗതിന്റെ മുഖത്ത് രോഷം ഇരച്ചുകയറി.


മ്മക്കതില് ലേശമ്പോലും സങ്കടൂല്ലട്ടാന്റെ ക്ടാവേ. അന്ന് നമ്മ അങ്ങന ചെയ്തതിന് മ്മക്ക് പറയാന്‍ ന്യായോണ്ടാര്‍ന്ന്. എന്റെ അമ്മായീന്റ ചോരേന്റെ കണക്കുണ്ടാര്‍ന്നേ. ഓരോ പ്രാവശ്യോം ഒലക്ക ഉരുട്ടിക്കേറ്റുമ്പ മനസ്സില് ഫ്ലോറിയമ്മായീം ക്ടാവും ഇങ്ങന നെറഞ്ഞ് വരും. പിന്ന ആദ്യം കേട്ട മുദ്രാവാക്യോം!


'തെക്ക് തെക്കൊരു ദേശത്ത്, അലമാലകളുടെ തീരത്ത്, ഫ്ലോറിയെന്നൊരു ഗര്‍ഭിണിയെ, ചുട്ടുകരിച്ചൊരു സര്‍ക്കാരേ...


ഒരു മന്ത്രം ഒരുവിടും പോലെ സേവ്യര്‍ ചൊല്ലിക്കൊണ്ടിരുന്നു. റിട്ടയര്‍മെന്റിന് ശേഷവും നല്ല ആരോഗ്യവാനായിരുന്ന സേവ്യറ് ടെറസ്സിന്റെ മുകളില്‍ നിന്നും കാലുവഴുതി വീണതാണ്. ആ വീഴ്ചയില്‍ സ്പൈനല്‍ കോഡിന് ക്ഷതമേറ്റു.


പിന്ന അന്നത്ത കണക്കിന്റ ബാക്കിയാണ് ഈ അനുഭവിക്കണതെങ്കി അത് ശിഷ്ടകാലം സന്തോഷായിട്ട് ഞാന്‍ അങ്ങട് സ്വീകരിക്കും. പക്ഷേന്റെ ക്ടാവ്യേ, നീ ഇപ്പളീ അനുഭവിക്കണ പങ്കപ്പാട് എന്തിനു വേണ്ടിയാണെന്ന് നിനക്ക് വല്ല രൂപോണ്ടാ?


പീളയടിഞ്ഞ കണ്‍കോണുകളിലൂടെ ഉരുണ്ടിറങ്ങിയ കണ്ണുനീര്‍ തുടക്കാന്‍ പോലും കഴിയാതെ കറങ്ങിക്കൊണ്ടിരിക്കുന്ന പങ്കയിലേക്ക് ആ വൃദ്ധ നയനങ്ങള്‍ ഗതിതിരിയുന്നത് ഭഗത് കണ്ടു. തൂവിയ കണ്ണുനീര് തുടച്ചെടുക്കുവാനുള്ള ശ്രമത്തിനിടെ അവന്‍ നിലതെറ്റി പിന്നിലേക്ക് വേച്ചു. അജയ് താങ്ങിയതിനാല്‍ വീണില്ലെന്ന് മാത്രം!


ന്റെ ഈശോയേ! നീയിങ്ങനെ എണീറ്റ് നടക്കാതെ അടങ്ങിയൊതുങ്ങി അവടെവെടേങ്കിലും പോയിക്കെടക്ക് ക്ടാവേ.


തലകുനിച്ച് ഭഗത് ആറാം നമ്പറ് കട്ടിലിലേക്ക് രമേശിന്റെ കൈ പിടിച്ച് നടന്നു.


ആറാം നമ്പറ്


രമേശിന്റെ കൈയ്യില്‍ നിന്നും വിടുതല്‍ നേടി കട്ടിലിലേക്ക് ഇരുന്നപ്പോഴേക്കും ഒരിക്കല്‍ കൂടെ അവന്‍ നിലതെറ്റിയപോലെ വീഴാന്‍ പോയി. വിഷാദത്തോടെ അവന്‍ തലയിണയിലേക്ക് മുഖമമര്‍ത്തി.


എന്തിനായിരുന്നു? സേവ്യറിന്റെ ചോദ്യം അവന്റെ മനസ്സിനെ വീണ്ടും വീണ്ടും ചുട്ടുപൊള്ളിച്ചുകൊണ്ടിരുന്നു.


സേവ്യര്‍ പോലീസിനെപ്പോലെ തന്നെ ചെറുപ്പം മുതല്‍ കാതുകളില്‍ വീണലച്ച ചുവപ്പന്‍ മുദ്രാവാക്യങ്ങളാവാം തന്നെ ആ വഴികളിലേക്ക് നയിച്ചത്. അതോ , പൂര്‍‌വ്വികരെ ധിക്കരിച്ച് അച്ഛന്‍ വെട്ടിത്തെളിച്ചെടുത്ത പാതയിലേക്ക് പെട്ടന്ന് നടന്നുകയറാനുള്ള വെമ്പലോ?


കണ്ണൂരിലെ പാര്‍ട്ടിഗ്രാമത്തില്‍ പിറന്നുവീണവന് അങ്ങിനെയാവാതിരിക്കാന്‍ കഴിയില്ലല്ലോ!


കരിവള്ളൂര്‍ എന്ന ഗ്രാമത്തില്‍ തെയ്യക്കോലം കെട്ടിയാടാന്‍ നിയോഗിക്കപ്പെട്ട പെരുവണ്ണാന്മാരുടെ കുലത്തിലെ കണ്ണിയാണ് ഭഗത്. കയ്യൂരിലെയും കരിവള്ളൂരിലെയും ആവേശസമരങ്ങളില്‍ നിന്നും പതഞ്ഞുപൊങ്ങിയ വീറില്‍, ചുവന്ന പട്ടുടുത്ത് കാവിറങ്ങി വന്നിരുന്ന തെയ്യക്കോലത്തില്‍ നിന്നും ചെങ്കൊടിയേന്തി ഉറച്ചകാലടികളോടെ നടന്ന സഖാവ് കണ്ണന്റെ മകന്‍. ബീഡിത്തൊഴിലാളികളുടെ സര്‍‌വ്വസവുമായിരുന്ന സഖാവിന്റെ മകന്‍. അവന്‍ പിച്ചവെച്ചതും നടന്നതും വളര്‍ന്നതും ചെങ്കൊടിയുടെ തണല്‍‌പറ്റിയായിരുന്നു. അച്ഛന്‍ പ്രത്യശശാസ്ത്രങ്ങളും തത്വസംഹിതകളും ഉറക്കെ ഉദ്‌ഘോഷിക്കുമ്പോള്‍ മകന്‍ അല്പം കൂടെ കടുത്ത വഴികളിലൂടെ ചിന്തിക്കുകയും പ്രവൃത്തിക്കുകയും ചെയ്തു. പാര്‍ട്ടിഗ്രാമങ്ങളിലെ ഇരുണ്ട ഷെല്‍ട്ടറുകള്‍ നല്‍കിയ ഘനമുള്ള സ്റ്റഡിക്ലാസ്സുകളുടെ ആവേശം അളമുറിയാതെ സിരകളില്‍ പടര്‍ന്നപ്പോള്‍...


ഓരോ പത്തുനിമിഷത്തിലും ഒരിക്കലെന്ന വണ്ണം ഞെട്ടിത്തെറിക്കുമ്പോലെ നിലകിട്ടാതെ കുതറിക്കൊണ്ടിരിക്കുന്ന ഒരു ശിരസ്സും ഉറപ്പ് നഷ്ടപ്പെട്ട കൈകളും! പാര്‍ട്ടിക്കോടതിയുടെ ശിക്ഷ നടപ്പാക്കുന്നതിനിടയില്‍ തിരികെ ലഭിച്ച സമ്മാനം!! ലഭിച്ച സമ്മാനത്തിനും നല്ല ഘനം തന്നെ!!! നാളെ 'ചികത്സകള്‍ കൊണ്ട് പ്രയോജനമില്ല' എന്ന ഡിസ്ചാര്‍ജ്ജ് ഷീറ്റുമായി വാര്‍ഡിന് പുറത്തേക്ക് കടക്കണമെന്ന ഡോക്ടറുടെ മൊഴി ഭഗതില്‍ വല്ലാത്ത നീറ്റലുണ്ടാക്കുന്നുണ്ട്.


ചികത്സിച്ച ഡോക്ടര്‍മാരോടും കഴിച്ചു തീര്‍ത്ത മരുന്നുകള്‍ക്കും 'അല്ഹംദു ലില്ലഹ്' പറഞ്ഞ് , നിറഞ്ഞ പ്രാരാബ്ദത്തോടൊപ്പം തലക്കകത്ത് വളരുന്ന കുരുന്നുമുഴയുമായി വരുന്ന ആറുമാസത്തേക്കെങ്കിലും ഈ മരുന്നുമണക്കുന്ന വാര്‍ഡിന്റെ അലോസരത്തില്‍ നിന്നും പഴയ അത്തറിന്റെ മണങ്ങളിലേക്ക് ഇറങ്ങിപ്പോയ മാഹിക്കാരന്‍ കാദര്‍സാഹിബ് ഒഴിച്ചിട്ട നാലാം നമ്പര്‍ കട്ടിലിലേക്ക് നോക്കി ഭഗത് നെടുവീര്‍പ്പിടുന്നത് രണ്ടാം നമ്പര്‍ ബെഡില്‍ കിടന്ന് ഞാന്‍ കണ്ടു.


രണ്ടാം നമ്പറ്


പത്ത് ഇരുമ്പുകട്ടിലുകളില്‍ ഇനി അവശേഷിക്കുന്നത് ഈ രണ്ടാം നമ്പറ്.


രണ്ടാം നമ്പറില്‍ ആരാണ്? അറിയില്ല!


സ്വയം ആരെന്നോ എന്തെന്നോ അറിയാതെ, രാവും പകലും ഏതെന്നറിയാതെ, കനം നഷ്ടപ്പെട്ട മനസ്സുമായി അതിലേറെ കനംകുറഞ്ഞ ദേഹവുമായി ദേഹി.. അത്.. അത് ഞാനാണോ? അതോ കഥാകൃത്തോ?


അറിയില്ല.. എനിക്കെന്നെ തന്നെ അറിയില്ല! ഒരു പക്ഷെ, ഒന്നും തിരിച്ചറിയാന്‍ കഴിയുന്നില്ല എന്നതാവുമോ എന്റെ അസുഖം..?!


സ്വയം തിരിച്ചറിയാന്‍ കഴിയാതെ ഇവിടെയെവിടെയോ ….


ഈ ആണ്‍ഞരമ്പുരോഗികളുടെ വാര്‍ഡില്‍..

40 comments:

Manoraj പറഞ്ഞു... മറുപടി

കഥാപാത്രങ്ങള്‍ തീര്‍ത്തും സാങ്കല്പീകസൃഷ്ടികള്‍ മാത്രം! പേരുകളിലോ സ്വഭാവരൂപീകരണത്തിലോ അവര്‍ക്ക് ചരിത്രവുമായോ സമകാലീക രാഷ്ട്രീയവുമായോ സാമ്യം തോന്നിയെങ്കില്‍ അത് യാദൃശ്ചികം മാത്രം.

ഷാജു അത്താണിക്കല്‍ പറഞ്ഞു... മറുപടി

സത്യത്തിൽ ഈ പോസ്റ്റ്   ഒന്ന്   കൂടി  വയിക്കണം

ജിജ്ഞാസാകുലന്‍ പറഞ്ഞു... മറുപടി

ഒന്ന് കൂടി വായിച്ചു നോക്കട്ടെ.........

yousufpa പറഞ്ഞു... മറുപടി

ഹല്ലം ദുലില്ലഹ് എന്നത് അല്ഹംദു ലില്ലഹ് എന്നാക്കി മാറ്റുക.

ഒന്നും പറയാനില്ലാത്ത, അല്ലെങ്കില്‍ പറയാനിഷ്ടമല്ലാത്ത കഥ ...

ajith പറഞ്ഞു... മറുപടി

എല്ലാ ബെഡ്ഡിലുംകൂടി ഒന്ന് സഞ്ചരിച്ച് വന്നപ്പോള്‍ “കഷ്ടം, മനുഷ്യന്റെ കാര്യം” എന്നൊരു ചിന്ത

രമേശ്‌ അരൂര്‍ പറഞ്ഞു... മറുപടി

കഥയുടെ ആത്മാവില്‍ നിന്ന് കിനിഞ്ഞിറങ്ങുന്ന ജീവിത യാഥാര്‍ത്ഥ്യങ്ങളുടെ രക്ത ബിന്ദുക്കള്‍ ...
എനിക്ക് മറ്റൊന്നും പറയാന്‍ കഴിയുന്നില്ല ..
പിന്‍കുറിപ്പ്‌ വേണ്ടായിരുന്നു .

Biju Davis പറഞ്ഞു... മറുപടി

ഞരമ്പുരോഗികളുടെ നീണ്ട നിര അതിശയിപ്പിച്ചു, Manoraj!

നാലാം നമ്പർ ഞാൻ വിട്ടുപോയതാണോ, അതോ എന്തെങ്കിലും സൂചനയാണോ?

Varun Aroli പറഞ്ഞു... മറുപടി

ഞാന്‍ രണ്ടു വട്ടം നടന്നു; ഈ ആശുപത്രി വാര്‍ഡിലൂടെ....!!!

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു... മറുപടി

blogil puthiya post..... HERO- PRITHVIRAJINTE PUTHIYA MUKHAM...... vaayikkane............

മണ്ടൂസന്‍ പറഞ്ഞു... മറുപടി
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
മണ്ടൂസന്‍ പറഞ്ഞു... മറുപടി

മനോരാജേട്ടാ ഞാനാദ്യമായാ ഇവിടെ അതിനാൽ തന്നെ വിശദമായി വായിച്ചു. എനിക്കൊരുപാട് പറയാൻ വരുന്നുണ്ട്,അതൊന്നും പക്ഷെ കമന്റിൽക്കൂടി പറയാൻ കഴിയുന്നതല്ല. എല്ലാ ബെഡ്ഡിൽക്കൂടിയും ഒന്ന് സഞ്ചരിച്ചപ്പോൾ, വല്ലാത്തൊരു ഞെട്ടൽ അനുഭവപ്പെട്ടു. ഞാൻ ബോധമില്ലാതെ മൂന്ന് മാസത്തോളം ഒരു ആസ്പത്രി റൂമിൽ കിടക്കേണ്ടി വന്നതാ.! ഇങ്ങനേയും ഒരവസ്ഥ, ചിന്തിക്കാനാവും, എനിക്ക്, അവരുടെ മനോവിചാരങ്ങളെക്കുറിച്ച്. ആ ഒരവസ്ഥ ഞാൻ വളരെ നന്നായി ഉൾക്കൊണ്ട് വായിക്കാൻ എനിക്ക് കഴിഞ്ഞു. ഈ വായന എന്നിൽ വല്ലാത്തൊരു ചിന്ത മനസ്സിൽ നിറക്കുന്നു. മനോ ഏട്ടാ, ആശംസകൾ.

ആചാര്യന്‍ പറഞ്ഞു... മറുപടി

ഇരുത്തി വായിക്കേണ്ട കഥയാണ്...എന്നാലും സമകാലിക സംഭവങ്ങള്‍ കോര്‍ത്തിണക്കിയ നല്ല കഥ ...

Jefu Jailaf പറഞ്ഞു... മറുപടി

ഓരോ നമ്പറിലേക്ക് കടക്കുമ്പോഴും രക്ത സമ്മര്‍ദ്ദം കൂടിക്കൂടി വന്നിരുന്നു. മാനുഷ്യന്റെ അവസ്ഥകളെ പച്ചയായി അവതരിപ്പിച്ച ഈ എഴുത്തിനെ മാതൃകയാക്കാം എല്ലാം കൊണ്ടും . അതി മനോഹരമായി അവതരിപ്പിച്ചു. അഭിനന്ദനങ്ങള്‍..

‍ആയിരങ്ങളില്‍ ഒരുവന്‍ പറഞ്ഞു... മറുപടി

ആരോഗ്യത്തോടെ എണീറ്റ് നടക്കുമ്പോൾ എന്തെല്ലാം അഭ്യാസ പ്രകടനങ്ങൾ നടത്തുന്നവരാ നമ്മൾ.. പല രീതിയിൽ ചിന്തിപ്പിക്കുന്ന ഒന്നു..

സത്യത്തിൽ ഓരോ കഥാപാത്രങ്ങളും നമുക്ക് ചുറ്റ് വട്ടത്ത് തന്നെയുണ്ട്..

Echmukutty പറഞ്ഞു... മറുപടി

കഥയല്ലല്ലോ, മനു. അതുകൊണ്ട് ഒന്നും പറയാൻ കഴിയുന്നില്ല.

കഥയായി കണ്ടിട്ട് അഭിപ്രായമെഴുതാം. എന്തായാലും വിഷമം തോന്നുന്നു വായിയ്ക്കുമ്പോൾ...

പട്ടേപ്പാടം റാംജി പറഞ്ഞു... മറുപടി

ഒരു വാര്‍ഡ്‌ കാണാപാഠമായി.
ഓരോരുത്തരിലൂടെയും സഞ്ചരിച്ച് രണ്ടില്‍ തന്നെ കിടന്നു.

Pradeep Kumar പറഞ്ഞു... മറുപടി

വസ്തുനിഷ്ടമായ സംഖ്യകളുടെ കൂട്ട് പിടിച്ചു രോഗാതുരമായ ഒരു സമൂഹത്തിന്റെ വ്യക്തിനിഷ്ഠമായ അവസ്ഥകളിലേക്ക് വായനക്കാരെ കൂട്ടിക്കൊണ്ടു പോവുന്നതില്‍ പുതുമയുണ്ട് .രചനയില്‍ പുലര്‍ത്തുന്ന സൂക്ഷ്മനിരീക്ഷണപാടവം പ്രശംസനീയം....

Lipi Ranju പറഞ്ഞു... മറുപടി

ഓരോ നമ്പറും ഓരോ കഥയ്ക്കുള്ള സ്കോപ് ഉണ്ടല്ലോ!ഓരോ നമ്പറുകാരെകുറിച്ചും വിശദീകരിച്ച അവസാനത്തെ ആ രണ്ടാം നമ്പറിനെ കുറിച്ച് കൂടുതല്‍ അറിയാന്‍ ആകാംഷ തോന്നുന്നു...

കൂതറHashimܓ പറഞ്ഞു... മറുപടി

ഓരോ ബെഡ്ഡിൻടുത്തു എത്തി തന്നെ ഓരോരുത്തരെ അറിഞ്ഞു.

ആശുപത്രി ആവുമ്പോ അറിയാനും കേൾക്കാനും കുറേ ജന്മങ്ങൾ കൂടെ കാണും, ദുഖത്തിലും ഒരു പിടി ചിരികളുമായി

jayanEvoor പറഞ്ഞു... മറുപടി

തിക്തയാഥാർത്ഥ്യങ്ങളുടെ പാരുഷ്യം അനുഭവിക്കുന്നവർ ഈ ന്യൂറോളജി വാർഡുകളിലും, ക്യാൻസർ വാർഡുകളിലും പോലെ മറ്റെവിടെയുമില്ല.

ഇതു തന്നെ വിപുലപ്പെടുത്തി ഒരു ചെറു നോവൽ ആക്കി മാറ്റണം.

ഭാഷയുടെ പ്രാദേശികഭേദങ്ങൾ കുറച്ചുകൂടി കൃത്യമാക്കണം.

സമയം ധാരാളമുണ്ടല്ലോ.
അതു നടക്കും.

ഭാവുകങ്ങൾ!

Echmukutty പറഞ്ഞു... മറുപടി

ജയൻ ഡോക്ടറുടെ അഭിപ്രായത്തീനു താഴേ എന്റേം ഒരു ഒപ്പ്.

Sidheek Thozhiyoor പറഞ്ഞു... മറുപടി

ഗൌരവമുള്ള വിശദമായ വായന ആവശ്യമുള്ള പോസ്റ്റ്‌ , ഡോക്ടര്‍ അഭിപ്രായപ്പെട്ടപോലെ നല്ലൊരു നോവലിനുള്ള സ്കോപ്പുണ്ട് ,പിന്‍കുറിപ്പില്ലാതെതന്നെ കാര്യങ്ങള്‍ മനസ്സിലാക്കാവുന്നതേയുള്ളൂ മനു..ആശംസകള്‍ .

Anil cheleri kumaran പറഞ്ഞു... മറുപടി

ആശുപത്രിയിൽ എത്തിയാൽ പിന്നെ വ്യക്തികളുടെ പേരു മാറി നമ്പരുകളായാണല്ലോ ആശുപത്രി ജീവനക്കാർക്കിടയിൽ വിളിക്കപ്പെടുക. അങ്ങനെ ബെഡ് കഥ പറയുന്നത് പോലെ അവതരിപ്പിച്ച ഭാവന നന്നായി. കഥ ഇഷ്ടപ്പെട്ടു.

ചന്തു നായർ പറഞ്ഞു... മറുപടി

ഘടനാപരമായ സവിശേഷത....കണ്ട്മുട്ടിയ കഥാപാത്രങ്ങലൂടെ പരിച്ഛേദം. കാണാത്തവരുടേയും സമ്മേളനം..നല്ല ഒരു നോവലിനുള്ള ആശയം .മനോരാജ് എഴുതുകയാണു... നാളെയുടെ വലിയ കഥാകാരനായിത്തീരാൻ....ജയൻ പറഞ്ഞതും കൂടി ശ്രദ്ധിക്കുക...രമേശനിയൻ പറഞ്ഞതിനോട് യോജിക്കുന്നു,,തലവാചകത്തിലെ 'ആൺ' എന്നത് വേണമായിരുന്നോ...ഞാൻ ഉൾപ്പെടെയുള്ള ബൂലോക വാസികൾ മനസ്സിലാക്കുക..ഇത്രനീണ്ട്ഒരു കഥയായിട്ടും ഒരു അക്ഷരത്തെറ്റുപോൽലുംഇതിലല്ലാ..മനോരാജ് ഒരു വലിയ നമസ്കാരം........

റാണിപ്രിയ പറഞ്ഞു... മറുപടി

കഥ വ്യത്യസ്തത പുലര്‍ത്തുന്നു .... പ്രാദേശിക ഭാഷാപഠനം കുറച്ചു കൂടി ആവാമായിരുന്നു..

എന്തായാലും രണ്ട പ്രാവശ്യം വായിച്ചു...
നന്നായി...ആശംസകള്‍ ....

ആളവന്‍താന്‍ പറഞ്ഞു... മറുപടി

ഒരു നോവല്‍ എന്നല്ല, ഈ അടുത്ത് റിലീസ് ആയ ഒരു സിനിമ ഉണ്ട്. മേല്‍വിലാസം. സൂര്യാ കൃഷ്ണമൂര്‍ത്തിയുടെ പ്രശസ്തമായ നാടകമായ 'മേല്‍വിലാസം' മാധവ് രാംദാസ് എന്ന സംവിധായകന്‍ തന്‍റെ ആദ്യ സിനിമയ്ക്കായി തെരഞ്ഞെടുക്കുകയായിരുന്നു. അത് പോലെ ചെലവു കുറഞ്ഞൊരു സിനിമയ്ക്ക് വേണ്ട എന്തൊക്കെയോ ഇതില്‍ ഉണ്ട് മനുവേട്ടാ. ഒന്നും കൂടി ആഞ്ഞു ശ്രമിച്ചാല്‍..............

അജ്ഞാതന്‍ പറഞ്ഞു... മറുപടി

njanoru puthiya blogger..thejas kandu..nice..

Roshan PM പറഞ്ഞു... മറുപടി

ഇത്തരം വാര്‍ത്തകള്‍ കണ്ടില്ലെന്ന് നടിക്കലാണ് പതിവ്, അത് കൊണ്ട് പലരെയും അറിയില്ല. നന്നായി എഴുതി മനോരാജ്, അല്‍പ്പംകൂടി വിശദമായി എഴുതേണ്ടത് എന്ന് തോന്നി, ഉധാഹരണത്തിന് ഇവരിലെ സമാനതകള്‍, ജീവിത പശ്ചാത്തലം..

Sandeep.A.K പറഞ്ഞു... മറുപടി

മനോരാജ്...
ഈ കഥ ഇപ്പോഴാണ് വായിക്കാന്‍ സാധിച്ചത്....
ആസ്പത്രി വാസങ്ങളില്‍ ഇത്തരം ധാരാളം അനുഭവങ്ങള്‍ കേട്ടിരിക്കുന്നു... ഒരു ചത്ത മനസ്സോടെയേ ഇതൊക്കെ കേള്‍ക്കാന്‍ സാധിക്കാറുള്ളൂ.... ജീവിതത്തെയും മരണത്തെയും ഈ മരുന്ന് മണക്കുന്ന ഇടനാഴികളില്‍ വാര്‍ഡില്‍ കണ്ടു മുട്ടാറുണ്ട്...

തലക്കെട്ട്‌ "ഞരമ്പുരോഗികളുടെ വാര്‍ഡ്‌" എന്നായിരുന്നു കൂടുതല്‍ ഉചിതം... കാരണം രോഗി എന്നതില്‍ തന്നെ ആണോ പെണ്ണോ എന്നറിയാന്‍ സാധിക്കുന്നില്ലേ... അല്ലെങ്കില്‍ രോഗിണി എന്നല്ലോ ചേര്‍ക്കുക... വാക്കുകള്‍ ആവശ്യത്തിന് മാത്രം ഉപയോഗിക്കുക എന്നതല്ലേ നല്ല എഴുത്തിലെ ധര്‍മ്മം... അപ്പൊ അദ്ദാണ്...

അജയിനെയും രമേശേട്ടനെയും ഞാനടുത്തറിയുന്നു... രമേശ്‌ എന്ന കഥാപാത്രത്തെ പോലുള്ളവരാണ് പലപ്പോഴും തളര്‍ന്നു കിടക്കുന്ന അവസ്ഥയിലും നമ്മെ ചിരിച്ചു നില്‍ക്കാന്‍ പ്രേരിപ്പിക്കുന്നത്... പ്രകാശം പരത്തുന്ന അത്തരം ആളുകളോട് എന്നും എപ്പോഴും തീര്‍ത്താല്‍ തീരാത്ത സ്നേഹം മാത്രം... സ്വയം എരിയുമ്പോഴും മറ്റുള്ളവര്‍ക്ക് മുന്നില്‍ ഒരു ചെറു കൈത്തിരി നാളമാവാന്‍ അവര്‍ക്ക് കഴിയുന്നല്ലോ...

കഥയുടെ അവസാനം ഭദ്രമായി എഴുതി ചേര്‍ത്തിരിക്കുന്നു... കഥയെ കുറിച്ച് കൂടുതലായി പറയാന്‍ എനിക്കാവുന്നില്ലാ മനോരാജ്....

സ്നേഹപൂര്‍വ്വം
സന്ദീപ്‌

Manoraj പറഞ്ഞു... മറുപടി

@ഷാജു അത്താണിക്കല്‍ : വീണ്ടും വായിക്കുമെന്ന് കരുതട്ടെ :)

@ ജിജ്ഞാസാകുലന്‍ : :)

@ yousufpa : ആ തെറ്റ് തിരുത്തിയിട്ടുണ്ട്. നന്ദി.

@ ajith : വായനക്ക് നന്ദി.

@ രമേശ്‌ അരൂര്‍: പിന്‍‌കുറിപ്പ് ഒരു യൂഷല്‍ രീതിയെന്ന നിലയില്‍ കൊടുത്തതാണ്. അത് ഒരിക്കലും കഥയുടെ ഭാഗമായി കാണണ്ട. എന്റെ (എഴുത്തുകാരന്റെ ഒരു അഭിപ്രായം എന്ന് കരുതിയാല്‍ മതി. മറിച്ച് കഥക്കുള്ള പിന്‍‌കുറിപ്പായിരുന്നു എങ്കില്‍ അത് പോസ്റ്റിനോടൊപ്പം തന്നെ ചേര്‍ക്കുമായിരുന്നു)

@Biju Davis : വായനക്ക് നന്ദി. നാലാം നമ്പറിനെ കുറിച്ച് കഥയില്‍ പറയുന്നുണ്ടല്ലോ. വായനയില്‍ വിട്ടുപോയതാവാം.

@ Varun Aroli : എത്ര വട്ടം നടന്നാലും അവരുടെ മനസ്സ് മുഴുവനായി നമുക്കൊന്നും മനസ്സിലാക്കാന്‍ കഴിയില്ല വരുണ്‍. സന്ദര്‍ശനത്തിനും വായനക്കും നന്ദി.

@ ജയരാജ്‌മുരുക്കുംപുഴ : പ്രിയ ജയരാജ്, ഇതിനു മുന്‍പും ഞാന്‍ പലവട്ടം പോസ്റ്റുകള്‍ കമന്റായി ഇതേ കാര്യം എഴുതിയിട്ടുണ്ട്. നമുക്ക് നമ്മുടെ പോസ്റ്റുകളെ മാര്‍ക്കറ്റ് ചെയ്യുവാന്‍ ഇന്ന് ഒട്ടേറെ മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. അപ്പോള്‍ ദയവ് ചെയ്ത് നാളെകളിലേക്കുള്ള എന്റെ റെഫറന്‍സിനായി ഞാന്‍ സൂക്ഷിക്കാനാഗ്രഹിക്കുന്ന വായനക്കാരുടെ വിലയേറിയ അഭിപ്രായങ്ങള്‍ക്കുള്ള ഈ സ്ഥലത്ത് ദയവായി അത് മാത്രം ചെയ്യുക. അഹങ്കാരമായി കാണരുത്. അപേക്ഷയായി കാണക്കാക്കുക.

@മണ്ടൂസന്‍ : തേജസിലേക്ക് സ്വാഗതം സുഹൃത്തേ. അനുഭവം ഒരു പക്ഷെ താങ്കളെ എന്നെക്കാള്‍ കൂടുതല്‍ അവരിലേക്ക് എത്തിച്ചുകാണും. നന്ദി ഈ നല്ല വായനക്ക്.

@ആചാര്യന്‍ : നന്ദി.

@ Jefu Jailaf : വായനക്ക് നന്ദി

Manoraj പറഞ്ഞു... മറുപടി

‍@ ആയിരങ്ങളില്‍ ഒരുവന്‍: തേജസിലേക്ക് സ്വാഗതം. സത്യമാണ് പറഞ്ഞത്.

@പട്ടേപ്പാടം റാംജി : അതെ എല്ലാവരെയും കണ്ട് രണ്ടില്‍ തന്നെ കിടന്നു. നന്ദി റാംജി.

@Pradeep Kumar : മനസ്സിരുത്തിയുള്ള വായനക്കും വിലയിരുത്തലിനും നന്ദി.

@Lipi Ranju : അയാള്‍ക്കേ അയാളെ അറിയില്ലല്ലോ ലിപി :(

@കൂതറHashimܓ : കുറേ നാളുകള്‍ക്ക് ശേഷമുള്ള സന്ദര്‍ശനത്തില്‍ സന്തോഷം ഹഷിം.

@jayanEvoor : ഡോക്ടര്‍ , സത്യത്തില്‍ ഒരു ഡോക്ടറില്‍ നിന്നും ഈ ആശുപത്രികഥക്ക് ഇത് കേള്‍ക്കുമ്പോള്‍ സന്തോഷമുണ്ട്. പ്രചോദനവുമാണ്. ശ്രമിക്കാമെന്നേ പറയാന്‍ കഴിയൂ :)

@Echmukutty : ആ ഒപ്പ് വരവ് വെച്ചിരിക്കുന്നു. മറുപടി ഡോക്ടര്‍ക്ക് നല്‍കി.

@സിദ്ധീക്ക് തൊഴിയൂര്‍ : വായനക്ക് നന്ദി

@കുമാരന്‍ | kumaaran : നന്ദി.

@ചന്തു നായർ : നല്ല വായനക്കും വിശദമായ വിലയിരുത്തലുകള്‍ക്കും നന്ദി. പോസ്റ്റുകള്‍ വായിച്ച് അല്പം സമയമെടുത്താണെങ്കിലും അതേക്കുറിച്ച് നല്ലതും ചീയതും തുറന്ന് പറയുന്നത് കാണുമ്പോള്‍ അതുപോലുള്ള വായനക്കാര്‍ ഇനിയും ബ്ലോഗില്‍ വരണം എന്ന ആഗ്രഹം കൂടുന്നു. അത്തരം വായനക്കാരാണ് വീണ്ടും എഴുതുവാന്‍ പ്രേരിപ്പിക്കുന്നതും. ക്രിയാത്മക നിര്‍ദേശങ്ങള്‍ നല്‍കി എപ്പോഴും കൂടെ നില്‍ക്കുന്നതില്‍ ഒരിക്കല്‍ കൂടെ നന്ദി മാഷേ.

@റാണിപ്രിയ :പ്രാദേശിക ഭാഷയിലെ പോരായ്മകള്‍ തിരുത്തുവാന്‍ ശ്രമിക്കാം. പരമാവധി ശ്രമിച്ചിരുന്നു. എങ്കിലും നിശ്ചയമായും അതില്‍ പാളിച്ചകള്‍ ഉണ്ടാകാം.

@ആളവന്‍താന്‍ : മേല്‍‌വിലാസം എന്ന സിനിമ ഞാന്‍ ഈ വര്‍ഷം ഇത് വരെ കണ്ട സിനിമകളില്‍ ഏറ്റവും മികവ് പുലര്‍ത്തിയ ഒന്നാണ്. അതുകൊണ്ട് തന്നെ ഈ അഭിപ്രായം ഞാന്‍ വലിയൊരു കോമ്പ്ലിമെന്റായി കാണുന്നു വിമല്‍.

@Prakashchirakkal : തേജസിലേക്കും ബൂലോകത്തേക്കും സ്വാഗതം

@Roshan PM : ഒരു കഥയുടെ ഭൂമികയില്‍ നിന്ന് എഴുതുമ്പോള്‍ അതില്‍ അതിന്റേതായ പരിമിതികള്‍ ഉണ്ട് റോഷന്‍. അതല്ലെങ്കില്‍ ജയന്‍ ഡോക്ടര്‍ അഭിപ്രായപ്പെട്ടത് പോലെ നോവലോ ആളവന്താന്‍ പറഞ്ഞത് പോലെ തിരക്കഥയോ ആക്കണം. കഴിയുമോ എന്നറിയില്ല. ശ്രമിക്കാം :)

@Sandeep.A.K : വായനക്ക് നന്ദി. കഥയുടെ പേരില്‍ ആണ്‍ എന്ന് വരുവാന്‍ കാരണം അത് വാര്‍ഡ് ആയതുകൊണ്ടാണ്. പൊതുവെ വാര്‍ഡുകള്‍ക്ക് മെയില്‍ വാര്‍ഡ് , ഫീമെയില്‍ വാര്‍ഡ് അല്ലെങ്കില്‍ പുരുഷ വാര്‍ഡ് ,സ്ത്രീ വാര്‍ഡ് എന്നീ ക്ലാസിഫിക്കേഷന്‍സ് എല്ലാ ഹോസ്പിറ്റലുകളിലും ഉണ്ട്. അവിടെ രോഗിണികളുടെ വാര്‍ഡ് എന്നോ രോഗികളുടെ വാര്‍ഡ് എന്നോ ഒരിക്കലും കാണാറില്ല. ആ യുക്തിയുപയോഗിച്ചു എന്നേ ഉള്ളൂ.

മുകിൽ പറഞ്ഞു... മറുപടി

വളരെ നന്നായി എഴുതി...ഓരോ ജീവിതങ്ങളിലൂടെയും ചെന്നുമുട്ടി തിരിച്ചറിഞ്ഞു.. ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍, മനോരാജ്.

kochumol(കുങ്കുമം) പറഞ്ഞു... മറുപടി

കഥക്കൊപ്പം ഞാനും പോയി എറണാകുളം മെഡിക്കല്‍ ട്രസ്റ്റില്‍ .....:(
ഒരു ആക്സിഡന്റെ ഉണ്ടായി വര്‍ഷങ്ങള്‍ക്കു മുന്പ് ....ഒരിക്കല്‍ ഞാന്‍ മനോയോടു സൂചിപ്പിച്ചു എന്ന് തോന്നണു ....!
റൂമില്‍ കിടന്നു മടുക്കുമ്പോള്‍ വാര്‍ഡുകള്‍ തോറും കയറിയിറങ്ങും ....ഓരോ കാഴ്ച്ചയും കാണുമ്പോള്‍ നമ്മള്‍ എന്ത് ഭാഗ്യം ചെന്നവരാണെന്ന് ചിന്തിക്കും ....!
"കരഞ്ഞു കൊണ്ടുള്ള ചിരി" അതാണ്‌ കൂടുതലും അവിടെ കണ്ടത് ...!!

റോസാപ്പൂക്കള്‍ പറഞ്ഞു... മറുപടി

ഒരു വാര്‍ഡിലൂടെ ഒരു ലോകം തന്നെ സൃഷ്ടിച്ചു.
.ഇവരെല്ലാം നമ്മള്‍ എവിടെയൊക്കെ കണ്ടിട്ടുള്ള ആളുകള്‍.നല്ല കഥ

Junaiths പറഞ്ഞു... മറുപടി

ഒന്നും പറയാൻ , എഴുതാൻ തോന്നുന്നില്ല മച്ചൂ....... :(

pallavi പറഞ്ഞു... മറുപടി

ഞാനിവിടെ ഒരു തുടക്കക്കാരിയാണ്‌.. സത്യം പറയട്ടെ, എനിക്ക് എന്റെ ഹൌസ് സര്‍ജന്‍സി ഓര്മ വന്നു.. നന്നായി

കുഞ്ഞൂസ്(Kunjuss) പറഞ്ഞു... മറുപടി

രോഗികള്‍ക്കിടയിലൂടെ നടക്കേണ്ടി വരുമ്പോഴൊക്കെ മനസ്സിനെ അടക്കിപ്പിടിക്കാന്‍ , കണ്ണുകള്‍ തുളുമ്പിപ്പോകാതിരിക്കാന്‍ കഠിന ശ്രമം നടത്തേണ്ടി വരാറുണ്ട്.
മനോയുടെ ഈ എഴുത്ത് വായനക്കാരെ പിടിച്ചിരുത്തുന്നുണ്ട്. ... ജയന്‍ പറഞ്ഞത് പോലെ ഇതൊന്നു വികസിപ്പിച്ചു ഒരു നോവല്‍ ആക്കുന്നതിനെക്കുറിച്ച്‌ ചിന്തിക്കൂ ട്ടോ... വാര്‍ഡുകള്‍ തിരിച്ചോ ബെഡുകള്‍ തിരിച്ചോ അദ്ധ്യായങ്ങള്‍ ആക്കാമല്ലോ. എഴുതണം . എല്ലാ ആശംസകളും...!

അനശ്വര പറഞ്ഞു... മറുപടി

കഥയായി വായിക്കാന്‍ കഴിഞ്ഞില്ല എന്നത് തന്നെ സത്യം...ഏഴാം നമ്പറ് പ്രത്യെകം മനസ്സില്‍ ഒന്ന് കൊണ്ടു, കിംഗ് ആന്റ് കമ്മീഷ്ണര്‍ സിന്റ്ഡ്രൊം എന്നൊക്കെയുള്ള പ്രയോഗങ്ങളും. ഒരു ആശുപത്രി വാര്‍ഡ് സത്യസന്ധമായി വിവരിച്ച പ്രതീതി ജനിപ്പിച്ചു. [ഒരു കഥാകാരന്റെ വേദനയും കണ്ണീരും പുഞ്ചിരിയും എല്ലാം കഥകളായി പുനര്‍ജനിക്കുമെന്ന് പറഞ്ഞതാരാണ്‌.....???]

lekshmi. lachu പറഞ്ഞു... മറുപടി

ആശുപത്രി വാര്‍ഡുകള്‍ എന്നുംചിരിക്കുന്ന മുഖവും വേദനിക്കുന്ന
ഹൃദയം പേറി നടക്കുന്ന കുറെ മനുഷ്യര്‍ .സ്വന്തം വേദനകള്‍
ഒന്നും അല്ലന്നു തോന്നിപോകും .
ചിലനേരങ്ങളില്‍ മറവി ഒരു അനുഗ്രഹം എന്ന് തോന്നീട്ടുണ്ട് എങ്കിലും
മനുഷ്യ മനസ്സില്‍നിന്നും ആളുകളെ തിരിച്ചറിയാനുള്ള കഴിവ്
പതുക്കെ നഷ്ടപെടുന്ന അവസ്ഥയിലേക്ക് സഞ്ചരിക്കുന്നവരെ
കാണുബോള്‍ തോന്നും എന്തിനു ദൈവമേ ഈ ശിക്ഷ അവര്‍ക്ക് നല്‍കിയതെന്ന്
ഇഷ്ടായി മനു കഥയ്ക്ക നീളം അല്‍പ്പം കൂടി പൊയ്
--

കാടോടിക്കാറ്റ്‌ പറഞ്ഞു... മറുപടി

ബ്ലോഗ്‌ വായന മുടങ്ങിയിരിക്കുകയായിരുന്നു. അതുകൊണ്ട് ഒരുപാട് വൈകി ഇതു വായിക്കാന്‍ മനോരാജ്. ഒത്തിരി കഥകള്‍ ഒരൊറ്റ കഥയില്‍ ഇത്ര വിദഗ്ദ്ധമായി കോര്‍ത്തിണക്കി യല്ലോ! മനസ്സില്‍ തട്ടിയ കഥ പറച്ചില്‍. പലരും പറഞ്ഞ പോലെ ഒരു വലിയ ക്യാന്‍വാസിലേക്ക് പകരാവുന്ന കഥയുണ്ട് ഇതില്‍....
എഴുത്ത് വഴിയില്‍ എല്ലാ ആശംസകളും....