ബുധനാഴ്‌ച, ഒക്‌ടോബർ 31, 2012

ഗോളി

To,
The Hon. Chief Justice,
Supreme Court - India

മുഖവുര : ക്ഷമിക്കണം. ഒരു രാഷ്ട്രത്തിന്റെ നീതിന്യായ വ്യവസ്ഥിതിയുടെ പരമോന്നത പദവി വഹിക്കുന്ന താങ്കള്‍ക്ക് ഇത്തരത്തില്‍ ഈമെയിലിലൂടെ ഒരു പരാതി ബോധിപ്പിക്കാമോ എന്നൊന്നും എനിക്കറിയില്ല. ഞാന്‍ ഒരു വിദേശിയായതിനാല്‍ താങ്കളുടെ നാട്ടിലെ നിയമവ്യവസ്ഥയുടെ നൂലാമാലകളെക്കുറിച്ചും സങ്കീര്‍ണ്ണതകളെക്കുറിച്ചും എനിക്ക് അത്ര അറിവുമില്ല. ഇന്റര്‍നെറ്റിന്റെ വിശാലലോകത്ത് നിന്നും കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ കൊണ്ട് താങ്കളുടെ നാട്ടിലെ നിയമവ്യവസ്ഥയും അതിന്റെ സങ്കീര്‍ണ്ണതകളും കുറച്ചൊക്കെ ഞാന്‍ മനസ്സിലാക്കി. വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള എണ്ണമിട്ടുള്ള വെളിപ്പെടുത്തലുകള്‍ വരെ കുറ്റകൃത്യങ്ങളായും പ്രേരണാകുറ്റമായും സ്വീകരിക്കുന്ന ആ നിയമവ്യവസ്ഥയോട് ബഹുമാനം തോന്നിയെങ്കിലും എന്നെ അത് വല്ലാതെ ഭയപ്പെടുത്തുന്നു! ഈ കത്തിലൂടെ എന്നെ അലട്ടുന്ന പ്രശ്നങ്ങള്‍ പകര്‍ത്തുകയാണ്. പരാതിയുടെയോ അപേക്ഷയുടേയോ രൂപമില്ല എന്നതുകൊണ്ട് ഇത് പരിഗണിക്കാതിരിക്കരുതെന്നും ഈ അവസ്ഥയില്‍ നിന്നും എന്നെ രക്ഷിക്കുവാന്‍ താങ്കള്‍ക്ക് കഴിയുന്ന രീതിയില്‍ ഉചിതമായ നടപടികള്‍ ഉണ്ടാവുമെന്നും കരുതട്ടെ.

ഔദ്യോഗികമായ തിരക്കുകളില്‍ വ്യാപൃതനായിരിക്കുന്ന താങ്കള്‍ക്ക് ഒരു പക്ഷെ എന്നെ അറിയുവാന്‍ കഴിയില്ല. അതുകൊണ്ട് ഞാന്‍ ആദ്യമേ സ്വയം പരിചയപ്പെടുത്താം. എന്റെ പേര് പീറ്റര്‍ ചെക്ക്. ചെക്ക് റിപ്പബ്ലിക്ക് എന്ന രാഷ്ട്രത്തിന്റെയും ചെല്‍‌സിയെന്ന ലോകോത്തര ഫുട്ബാള്‍ ക്ലബ്ബിന്റെയും വിശ്വസ്തനായ ഗോള്‍കീപ്പര്‍ (?). കാല്‍‌പന്തുകളിയെ ഏറെ സ്നേഹിക്കുന്ന താങ്കളുടെ നാട്ടില്‍ എനിക്ക് ഒട്ടേറെ ഫാന്‍സ് ഉണ്ടെന്നാണ് ഈ കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ ആ നാടിനെ പറ്റി കൂടുതല്‍ പഠിക്കുവാന്‍ ശ്രമിച്ചപ്പോള്‍ എനിക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞത്. അത് ഇപ്പോള്‍ എന്നെ ഏറെ സന്തോഷിപ്പിക്കുന്നതോടൊപ്പം തന്നെ വേദനിപ്പിക്കുകയും ഭയപ്പെടുത്തുകയും കൂടെ ചെയ്യുന്നു!!

എന്തിന് വേണ്ടിയാണ് ഞാന്‍ ഇപ്പോള്‍ താങ്കളുടെ നാടിനെ പറ്റി കൂടുതല്‍ പഠിക്കുന്നത് എന്നൊരു ചിന്ത താങ്കളില്‍ ഉണ്ടാവാം. അതും ഒരു ചരിത്രകാരനോ യാത്രികനോ ഗവേഷകനോ ഒന്നുമല്ലാത്ത വെറുമൊരു കാല്‍‌പ്പന്തുകളിക്കാരന്‍ മാത്രമായ ഞാന്‍! അതെ, അത് തന്നെയാണ് ഇപ്പോള്‍ എന്റെ പ്രശ്നം. മുകളില്‍ ഞാന്‍ വിശ്വസ്തനായ ഗോള്‍കീപ്പര്‍ എന്നതിനോട് ചേര്‍ന്ന് ഒരു ചോദ്യചിഹ്നം രേഖപ്പെടുത്തിയതും അതുകൊണ്ടാണ്. ലോകത്തിലെ മികച്ച ഗോള്‍കീപ്പര്‍മാരുടെ പട്ടികയില്‍ വളരെയടുത്ത ദിനങ്ങള്‍ വരെ ഇടമുണ്ടായിരുന്ന എന്റെ കൈകളില്‍ നിന്നും ഈയിടെ പിഴവുകള്‍ ഏറുന്നു. എന്റെ മനസ്സും കൈയും കണ്ണും എന്നെ വല്ലാതെ ചതിക്കുന്നു. കൃത്യമായി പറഞ്ഞാല്‍ ഈയടുത്ത് ഉക്രൈയിനിലും പോളണ്ടിലുമായി സമാപിച്ച യൂറോ കപ്പിന്റെ ഉദ്ഘാടനദിവസത്തെ റഷ്യയുമായുള്ള കളി മുതല്‍! ഒരു പക്ഷെ, ഒരു ഫുട്ബാള്‍ പ്രേമിയാണെങ്കില്‍ താങ്കളും പത്രങ്ങളില്‍ നിന്നോ ടെലിവിഷന്‍ ചാനലുകളില്‍ നിന്നോ ഒക്കെയായി പീറ്റര്‍ ചെക്കിനിതെന്തുപറ്റി എന്ന രീതിയില്‍ വാര്‍ത്തകള്‍ കണ്ടിരിക്കും. ശരിയാണ്. എനിക്കെന്തുപറ്റി എന്നതിലേക്കാണ് എന്റെ അന്വേഷണം. (വീണ്ടും ഞാന്‍ കാടുകയറിപ്പോകുന്നുവല്ലേ? ക്ഷമിക്കണം. പെട്ടന്ന് കാര്യത്തിലേക്ക് വരുവാന്‍ ശ്രമിക്കാം.)

ഫുട്‌ബാള്‍ എന്ന കളിയില്‍ ഗോളിയുടെത് വല്ലാത്ത ഒരു റോളാണ്. കളിയുടെ തൊണ്ണൂറ് മിനിറ്റും ഞങ്ങള്‍ ജാഗരൂകരായിരിക്കണം. മറ്റു കളിക്കാര്‍ മൈതാനം നിറഞ്ഞ് ഓടി നടക്കുമ്പോള്‍ നിധികാക്കുന്ന ഭൂതത്തെ പോലെ ഒരു വലയുടെ മുന്‍പില്‍ ജാഗരൂകനായി നില്‍‌ക്കേണ്ടി വരുന്ന അവസ്ഥ! താങ്കള്‍ക്ക് അത് ഊഹിക്കുവാന്‍ കഴിയുമോ എന്ന് എനിക്കറിയില്ല. കളിയാസ്വദിക്കുവാന്‍ ഈ നില്‍പ്പ് ഒരു തടസ്സമാണെന്ന് മനസ്സിലാക്കിയപ്പോള്‍ മുതല്‍ ഞാന്‍ സ്വീകരിച്ചു പോരുന്ന ഒരു രഹസ്യനടപടിക്രമമുണ്ട്. മൈതാനത്ത് വന്ന് ഗോള്‍പോസ്റ്റിന്റെ ഇരു ബാറുകളിലും ചുംബിച്ചതിന് ശേഷം ക്രോസ്‌ബാറിലേക്ക് കൈകള്‍ ഉയര്‍ത്തി ഞാന്‍ ചാടുന്നത് ഒരു പക്ഷെ ഞാന്‍ ഉള്‍പ്പെട്ടിട്ടുള്ള മത്സരങ്ങള്‍ എപ്പോഴെങ്കിലും വീക്ഷിച്ചിട്ടുണ്ടെങ്കില്‍ അങ്ങ് കണ്ടിരിക്കും. സത്യത്തില്‍ എല്ലാ ഗോളിമാരും ചെയ്യുന്നത് പോലെ ക്രോസ്‌ബാറിനെയും വണങ്ങുക എന്ന പ്രക്രിയയേക്കാള്‍; ഞാന്‍ എന്നില്‍ നിന്നും ആ നിമിഷം ആത്മാവിനെ മോചിപ്പിക്കുകയാണ് ചെയ്യുന്നത്. അതെ, ഓരോ കളിയുടെ സമയത്തും ക്രോസ്‌ബാറിലേക്ക് ഉയര്‍ന്നു ചാടുന്ന പീറ്റര്‍ ചെക്കില്‍ നിന്നും എന്റെ ആത്മാവ് പുറത്ത് കടക്കുകയും ഗ്യാലറിയില്‍ തന്നെയെവിടെയെങ്കിലുമോ അതല്ലെങ്കില്‍ ഇതേ മത്സരം വീക്ഷിക്കുന്ന ഏതെങ്കിലും ടെലിവിഷന്‍ സ്ക്രീനിനു മുന്‍പിലേക്കോ കടന്നിരിക്കുകയും ഒരു നല്ല കാണിയായി മത്സരമാസ്വദിക്കുകയും ചെയ്യുകയാണ് പതിവ്. വര്‍ഷങ്ങളായി ഞാന്‍ പിന്തുടര്‍ന്നു പോരുന്ന ഒരു രീതിയാണ് അത്. അതിലൂടെ പലപ്പോഴും എതിര്‍ടീമിലെ കളിക്കാരുടെ നീക്കങ്ങളെ ഞാന്‍ മുന്‍‌കൂട്ടി കണ്ടിരുന്നു. അവര്‍ മനസ്സില്‍ കാണുന്ന നീക്കങ്ങള്‍ കണ്ടറിഞ്ഞ് ഞാന്‍ മൈതാനത്ത് നിലയുറപ്പിച്ചിരിക്കുന്ന എന്നിലെ ദേഹിയിലേക്ക് ആ വിവരം ട്രാന്‍സ്മിറ്റ് ചെയ്തിരുന്നു. ഒരു പക്ഷെ, ഇത്തരം ഒരു തന്ത്രമാവാം ലോകത്തെ എണ്ണം പറഞ്ഞ ഗോളിമാരുടെ പട്ടികയിലേക്ക് എന്നെ എത്തിച്ചത് എന്ന് ഞാന്‍ വിശ്വസിക്കുന്നു. സത്യത്തില്‍ ഈ കളി ഞാന്‍ ആസ്വദിച്ചിരുന്നു. കൃത്യമായി പറഞ്ഞാല്‍ റഷ്യയുമായുള്ള യൂറോകപ്പിലെ ഉദ്‌ഘാടന മത്സരം വരെ!!

അന്നും – റഷ്യയുമായുള്ള മത്സരദിവസം – പതിവ് പോലെ ഇരു ബാറുകളിലും മുത്തം നല്‍കിയ ശേഷം ക്രോസ് ബാറിലേക്ക് ഉയര്‍ന്നു ചാടിയ എന്നില്‍ നിന്നും ദേഹിയെ മൈതാനത്ത് തിരിച്ചിറക്കി ആത്മാവ് കളിയാസ്വദിക്കുന്ന ഒരു വലിയ ടിവി സ്ക്രീനിന് മുന്‍പിലേക്ക് കുതിച്ചുപാഞ്ഞു. ഒട്ടേറെ പന്തുകളി പ്രേമികള്‍ നിറഞ്ഞ ഒരു വിശാലമുറിയിലെ ടിവി സ്ക്രീനിന് മുന്‍പിലായിരുന്നു അന്ന് എന്റെ ആത്മാവ് ചെന്ന് ഇരുപ്പുറപ്പിച്ചത്. എന്റെ ജീവിതത്തിലെ ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമായ ആകസ്മിക സംഭവങ്ങള്‍ക്ക് തുടക്കം അതായിരുന്നു. അന്ന്... എന്റെ ആത്മാവ് കളിയാസ്വദിക്കുവാന്‍ വന്നിറങ്ങിയത് അങ്ങയുടെ നാട്ടിലെ ഒരു 27” ടിവി സ്ക്രീനിന് മുന്‍പിലേക്കായിരുന്നു.

വിശാലമായ ഒരു മുറിയായിരുന്നു അത്. നന്നായി ഫര്‍ണീഷ് ചെയ്ത് അലങ്കരിച്ച, പച്ച കാര്‍പ്പെറ്റ് വിരിച്ച ഒരു മുറി. മുറിയുടെ ഇരു വശങ്ങളിലും മധ്യഭാഗത്തായി ഇട്ടിരുന്ന മനോഹരമായ രണ്ട് സെറ്റികള്‍ ഒരു കളിമൈതാനത്തെ രണ്ട് ഗോള്‍പോസ്റ്റുകളെ ഓര്‍മ്മിപ്പിക്കുന്നുണ്ടായിരുന്നു. ഒട്ടേറെ കളിയാസ്വാദകരുടെ നിലക്കാത്ത ആരവം എന്നില്‍ വല്ലാത്ത ഊര്‍ജ്ജം നിറച്ചു. സഞ്ചാരപാതകള്‍ അന്വേഷിക്കുവാന്‍ ശ്രമം നടത്താത്ത ആത്മാവ് ഒരു പക്ഷെ ആ ആരവങ്ങളില്‍ നിന്നും ഊര്‍ജ്ജം ഉള്‍കൊണ്ടാവാം ലേറ്റസ്റ്റ് മോഡല്‍ വാച്ചിലെ ഗൂഗിള്‍ മാപ്പ് ഉപയോഗിച്ച് സ്ഥലനിര്‍ണയം നടത്തുവാന്‍ ശ്രമം നടത്തിയതും താങ്കളുടെ രാജ്യത്തെ തന്നെ കളികമ്പത്തിന് ഏറ്റവും പേരുകേട്ട മലപ്പുറമെന്ന സ്ഥലത്താണ് ഇരുപ്പെന്ന് മനസ്സിലാക്കിയതും. താങ്കളുടെ നാട് ഫുട്ബാള്‍ കമ്പത്തിന് പേരുകേട്ടതാണെന്ന് മുന്‍പൊരിക്കല്‍ അവിടം സന്ദര്‍ശിച്ചിട്ടുള്ള ഡേവിഡ് ബെക്കാം പറഞ്ഞത് ഞാന്‍ അപ്പോള്‍ ഓര്‍ത്തു. ഒട്ടേറെപേരെക്കൊണ്ട് നിറഞ്ഞു കവിഞ്ഞ മുറിയില്‍ എവിടെയെങ്കിലും സ്വസ്ഥമായി ഇരുന്ന് കളിയാസ്വദിക്കാമെന്ന് കരുതിയ എന്നെ ഞെട്ടിച്ചുകൊണ്ട് ഒരു പെണ്‍കുട്ടി - അതും പരിപൂര്‍ണ്ണ നഗ്നയായി ഒരു പെണ്‍കുട്ടി - മൈതാനമധ്യത്തില്‍ കിക്കോഫിന് തയ്യാറായിരിക്കുന്ന ഒരു ഫുട്ബാള്‍ പോലെ, മുറിയുടെ മധ്യഭാഗത്തായി കാര്‍പ്പെറ്റില്‍ ചുരുണ്ട് വളഞ്ഞ് കിടക്കുന്നു! അവള്‍ക്കിരുവശത്തുമായി എന്തിനു തയ്യാറെന്ന പോലെ നിലയുറപ്പിച്ച രണ്ട് കാളക്കൂറ്റന്മാരെ കണ്ടപ്പോള്‍ സ്പെയിനുമായി ഫൈനലില്‍ ഏറ്റുമുട്ടുന്നതായും കിക്കോഫിന് തയ്യാറായി നില്‍ക്കുന്ന സാവിയെയും ഇനസ്റ്റയെയും ശ്രദ്ധയോടെ വീക്ഷിച്ച് ഗോള്‍ വലക്കരിക്കില്‍ നില്‍ക്കുന്ന എന്നെയും ഒരു നിമിഷം ഞാന്‍ സ്വപ്നം കണ്ടുപോയി.

അതായിരുന്നു സര്‍ എന്റെ കഷ്ടകാലത്തിന്റെ തുടക്കം. സ്റ്റേഡിയത്തില്‍ കളിയുടെ ആദ്യ നിമിഷങ്ങള്‍ ആയിരുന്നു അപ്പോള്‍. ചെക്കിനും റഷ്യക്കും വേണ്ടി ആര്‍ത്തുവിളിക്കുന്ന കാണികള്‍ എന്നിലും കുട്ടികളിലും വല്ലാത്ത ആവേശം ഉണ്ടാക്കി. ഗ്യാലറിയില്‍ മെക്സിക്കന്‍ തിരമാലകള്‍ സൃഷ്ടിച്ചുകൊണ്ട് അവര്‍ ഞങ്ങളുടെ ഒരോ രോമകൂപങ്ങളെയും ഉണര്‍ത്തി. അങ്ങേക്ക് അറിയുമോ എന്നറിയില്ല, ഫുട്ബാളിന്റെ ആവേശം തന്നെ കാണികളാണ്. അല്ലാതെ കളിയെഴുത്തുകാരോ കളിക്കാരോ ഒന്നുമല്ല.

(ഹോ.. വീണ്ടും അങ്ങയുടെ സമയം ഞാന്‍ അപഹരിക്കുന്നു. ക്ഷമിക്കണേ..)

കാണികള്‍ നല്‍കിയ ഊര്‍ജ്ജം കാലുകളിലേക്ക് ആവാഹിച്ച് എന്റെ കുട്ടികള്‍ തുടര്‍ച്ചയായി കോര്‍ണറുകള്‍ സമ്പാദിച്ച് മുന്നേറുമ്പോഴായിരുന്നു ഒരല്പം റിലാക്സ്ഡ് മൂഡ് കിട്ടിയ ഞാന്‍ മുറി അത്രമേല്‍ സൂക്ഷ്മമായി നിരീക്ഷിച്ചത്. പക്ഷെ, ഇത്രയും വേഗം ഒരു പ്രത്യാക്രമണത്തിലൂടെ റഷ്യന്‍ മധ്യനിര എന്നെ നിഷ്പ്രഭനാക്കുമെന്ന് സ്വപ്നേപി ഞാന്‍ കരുതിയിരുന്നില്ല.

കെര്‍ഷക്കോവിന്റെ ഹെഡര്‍ ബാറില്‍ തട്ടി തിരികെ പോയപ്പോള്‍ ഞാന്‍ ഒന്ന് നെടുവീര്‍പ്പിട്ടതാണ്. പക്ഷെ, സഗോയേവ് അവിടേക്ക് ഓടിയെത്തുവാന്‍ കഴിയും‌വിധം ഇത്ര അടുത്ത് നിലയുറപ്പിച്ചിരുന്നത് മൈതാനം മുഴുവന്‍ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരുന്ന എന്റെ കണ്ണുകളില്‍ പതിച്ചില്ല. ഒരു പക്ഷെ, ആ പെണ്‍കുട്ടി എന്റെ കാഴ്ചക്ക് വിലങ്ങുതടിയായതാവാം! അത്തരം ഒരു സീനായിരുന്നല്ലോ അതേ സമയം ആ മുറിയില്‍ അരങ്ങേറിയത്. ഒരുവന്‍ വിയര്‍ത്ത് ചുളുങ്ങി അവളില്‍ നിന്ന് ഇറങ്ങിപ്പോകുകയും മറ്റൊരുവന്‍ തീരെ സമയം നല്‍കാതെ അവളിലേക്ക് ഒരു ബുള്ളറ്റ് പോലെ പാഞ്ഞുകയറുകയും ചെയ്യുന്ന കാഴ്ച. ചെകിടടിച്ച് ഒരു അടികിട്ടിയ പോലെ തോന്നി. ഇത്രയും മനോഹരമായി ഞാന്‍ കബളിപ്പിക്കപ്പെടുന്നത് ആദ്യമായിട്ടായിരുന്നു. (ഒരു പക്ഷെ അവളും?)

എന്താണ് സംഭവിക്കുന്നത്? 27' ടിവി സ്ക്രീനിലാണോ മുറിയിലെ പച്ച കാര്‍പ്പെറ്റിലാണോ യഥാര്‍ത്ഥത്തില്‍ കളി നടക്കുന്നത്. ഞാനകെ പതറിപ്പോയിരുന്നു സര്‍. കൈയടക്കവും ഡ്രിബ്ലിങ്ങും ഫൌളുകളും ഒട്ടേറെ കണ്ടിട്ടുണ്ടെങ്കിലും സെക്കന്റിന്റെ നൂറിലൊരംശത്തിന് പോലും സാദ്ധ്യത നല്‍കാതെ ഇത്തരത്തില്‍ ഒരു അറ്റാക്കിങ് ആദ്യമായിട്ടായിരുന്നു കാണുന്നത്. ഞാന്‍ സമനില വീണ്ടെടുക്കുമ്പോഴേക്കും ഷിറൊക്കോവിന്റെ ഷോട്ടും എന്റെ പ്രതിരോധം തകര്‍ത്ത് വലയില്‍ പതിച്ചിരുന്നു. അപ്പോള്‍ മൈതാനമധ്യത്തില്‍ അവള്‍ ഒരിക്കല്‍ കൂടെ പ്രതിരോധം തകര്‍ക്കപ്പെട്ട് വാടി തളര്‍ന്ന് കിടന്നു.

സ്വന്തം വലയില്‍ പതിച്ച രണ്ട് ഗോളുകള്‍ എന്നെ വല്ലാതെ തകര്‍ത്തുകളഞ്ഞു. ഒരു വേള, തിരികെ ദേഹിയിലേക്ക് ആത്മാവിനെ കുടിയിരുത്തിയാലോ എന്ന് പോലും ഞാന്‍ ചിന്തിക്കാതിരുന്നില്ല. പക്ഷെ, ഒന്നനങ്ങാന്‍ പോലും പറ്റാത്ത വിധം ആത്മാവ് തളര്‍ന്നു പോയിരുന്നു. ഞാന്‍ ഒന്നിനും കഴിയാത്തവനായി സെറ്റിയില്‍ കൈതാങ്ങി ഇരുന്നുപോയി. ഇടവേള കഴിഞ്ഞതും കളി വീണ്ടും തുടങ്ങിയതും എന്റെ കുട്ടികള്‍ ഒരു ഗോള്‍ മടക്കിയതും ഒന്നും ഞാന്‍ അറിഞ്ഞില്ല എന്നതാണ് സത്യം.

പക്ഷെ മുറിയിലെ കളി അപ്പോഴേക്കും കൈയാങ്കളിയിലേക്ക് നീങ്ങിയിരുന്നു. ഒരു വിദഗ്ദനായ കോച്ചിന്റെ അദൃശ്യസാന്നിദ്ധ്യം അവിടെയുണ്ടോ എന്ന് സംശയിക്കും വിധമായിരുന്നു അവള്‍ ആ കളി നിയന്ത്രിക്കുന്നത് എന്ന് ഞാന്‍ സംശയിച്ചുപോയ നിമിഷങ്ങള്‍. എന്റെ സംശയം ശരിയായിരുന്നു. മുറിയുടെ ഇരുണ്ട കോണില്‍ ചുണ്ടില്‍ എരിയുന്ന സിഗററ്റും കൈയില്‍ സ്മിര്‍ണോഫ് ഗോള്‍ഡുമായി ഇരിക്കുന്ന ഒരു കുറിയ മനുഷ്യന്‍ അത്രയും നേരം എന്റെ കണ്ണില്‍ പെട്ടിരുന്നില്ല! ആ കണ്ണുകളില്‍ ഒരു കുറുക്കന്റെ ഭാവമുണ്ടായിരുന്നു. അതോ ആട്ടിന്‍ തോലണിഞ്ഞ ആ പഴയ ചെന്നായയുടേയോ?

ഇതിനിടെ ഒരിക്കല്‍ കൂടെ എന്റെയും അവളുടെയും പ്രതിരോധം എതിരാളികള്‍ കീറിമുറിച്ചു കഴിഞ്ഞിരുന്നു. സഗോയേവ് രണ്ടാമതും എന്റെ വലയിലേക്ക് നിറയൊഴിച്ചപ്പോള്‍ അവിശ്വസനീയമായതെന്തോ സംഭവിച്ചത് പോലെ ഞാന്‍ പകച്ചു നിന്നത് അങ്ങ് കണ്ടുകാണുമോ എന്നെനിക്കറിയില്ല. രണ്ട് പ്രതിരോധഭടന്‍മാരെ വകഞ്ഞു മാറ്റി സഗോയേവ് ഉതിര്‍ത്ത ഷോട്ടിനേക്കാള്‍ അതേ സമയം മുറിയില്‍ നടന്ന സംഭവങ്ങള്‍ ആണ് ആ പകപ്പിന് കാരണം എന്നതാണ് വാസ്തവം. സഗോയേവിന്റെ പന്തടക്കവും വേഗവും അസാമാന്യമായിരുന്നു; സമ്മതിക്കുന്നു. പക്ഷെ അതേ സമയം മുറിയുടെ മധ്യത്തില്‍ അവളിലേക്ക് ചേക്കേറാന്‍ ശ്രമിക്കുന്ന രണ്ട് പേരുടെ ക്ഷമകെട്ട മല്പ്പിടുത്തങ്ങള്‍ക്കിടയിലേക്ക് നുഴഞ്ഞുകയറി ഒരിക്കല്‍ കൂടെ അവളെ പ്രാപിക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്നവനിലെ വന്യത എന്നെ വല്ലാതെ ഞെട്ടിച്ചു കളഞ്ഞു. ഇവിടെ വെച്ചാണ് കളി കയ്യാങ്കളിയിലേക്ക് നീങ്ങിയത്. വാക്കുതര്‍ക്കം സംഘര്‍ഷത്തിലേക്കും തുടര്‍ന്ന് കൈയേറ്റത്തിലേക്കും അക്രമത്തിലേക്കും തെന്നി നീങ്ങുന്നത് നിസ്സഹായനായി എനിക്ക് നോക്കിയിരിക്കേണ്ടി വന്നു. മുറിയിലെ പച്ച കാര്‍പ്പെറ്റില്‍ അരുണിമ പടരുന്നത് ഞാന്‍ അറിഞ്ഞു. ഒഴുകിപ്പരന്ന ചോര എന്റെ കൈകളില്‍ നനവ് പടര്‍ത്തിയപ്പോള്‍ ഞാന്‍ നിലത്ത് നിന്നും സെറ്റിയിലേക്ക് വലിഞ്ഞുകയറി. ആ സമയം അല്പം കൂടെ വ്യക്തമായി കണ്ട ചില കാഴ്ചകള്‍ എനിക്ക് കേട്ടറിവ് പോലുമില്ലാത്തതും എന്നെ ഇപ്പോഴും ഭീതിപ്പെടുത്തി കൊണ്ടിരിക്കുന്നതും ആണ്. ഒരു പക്ഷെ ഈ കത്തിന് എന്നെ പ്രേരിപ്പിക്കുന്നത് ആ കാഴ്ചകളില്‍ നിന്നും ഉടലെടുത്ത ഭയമാവാം എന്ന് ഞാന്‍ സംശയിക്കുന്നു! അല്ല, സംശയമല്ല!! അത് തന്നെയാണ് സത്യം.

ഒരു കൊച്ചു കൈപുസ്തകത്തില്‍ എന്തോ കുത്തിക്കുറിക്കുന്ന അവളെ കണ്ടപ്പോള്‍ കളിക്കിടയില്‍ കാര്‍ഡുകള്‍ എഴുതുന്ന റഫറിയെ ഓര്‍മ്മ വന്നു. ആകാഷയോടെ ആ പുസ്തകത്തിലേക്ക് ഞാന്‍ ഏന്തി നോക്കി. ഖദര്‍ ഷര്‍ട്ടിട്ട മെമ്പര്‍, ദേവപാലന്‍ പോലീസ്, തമാശക്കാരന്‍ സിനിമാ നടന്‍, മുഖത്ത് കാക്കപ്പുള്ളിയുള്ള ജ്വല്ലറിയുടമ.. എനിക്കൊന്നും മനസ്സിലായില്ല!!

ചിന്തയിലാണ്ടിരുന്ന ഞാന്‍ പവ്‌ലൂഷെങ്കൊ ഡിഫന്റര്‍മാരെ ബോക്സിനുള്ളില്‍ കബളിപ്പിച്ച് പന്ത് ഡ്രിബ്ല് ചെയ്ത് കയറ്റി കൊണ്ടുവരുന്നതും വലയുടെ മൂലയിലേക്ക് കോരിയിട്ടതും കണ്ടില്ല. ഒഴുകി പരക്കുന്ന ചോരച്ചാലുകളില്‍ ചവിട്ടാതെ, ഗ്ലാസ്സില്‍ അവശേഷിച്ച സ്മിര്‍ണോഫ് ഗോള്‍ഡ് വലിച്ചിറക്കി ചിറി തുടച്ച്, അപ്രതീക്ഷിതമായുണ്ടായ മരണത്തിന്റെ ഭീതിയില്‍ പകച്ചു നില്‍ക്കുന്ന മറ്റുള്ളവരെ തള്ളിമാറ്റികൊണ്ട് ആടിയാടി അവളിലേക്ക് നടന്നടുക്കുന്ന ചെന്നായ്കൂറ്റനെ നോക്കി ഇരിക്കുകയായിരുന്നു ഞാന്‍.

"കളി നിയമങ്ങള്‍ തെറ്റിച്ചിട്ടല്ലേ? ഇനിയിപ്പോള്‍ അതോര്‍ത്തിട്ട് കാര്യമില്ല. ഈ മരണം റഷ്യക്കും ചെക്കിനും സമര്‍പ്പിക്കാം" പൊട്ടിച്ചിരിച്ചുകൊണ്ട് അത് പറയുമ്പോള്‍ അയാളുടെ മുഖത്ത് ഒരു കൌശലക്കാരന്റെ ഭാവം ഞാന്‍ കണ്ടു.

ടി വി സ്ക്രീനില്‍ പവ്‌ലൂഷെങ്കൊയുടെയും റഷ്യന്‍ കളിക്കാരുടേയും ആഹ്ലാദനൃത്തവും ഹെല്‍മറ്റ് അഴിച്ചുമാറ്റി നിരാശയുടെ മുഖം തുടക്കുന്ന എന്റെയും ക്ലോസപ്പ് ഷോട്ടുകള്‍ മാറിമാറികാണിച്ചു കൊണ്ടിരിക്കുകയായിരുന്നു അപ്പോള്‍. തലയില്‍ കെട്ടിയിരുന്ന മഫ്ലര്‍ അഴിച്ചു മുഖം തുടച്ചുകൊണ്ട് ചെന്നായ അപ്പോഴേക്കും അവള്‍ക്കരികിലേക്ക് ഒഴുകിയെത്തി. ടിവി സ്ക്രീനിലേക്കും ചെന്നായയിലേക്കും മാറിമാറി നോക്കികൊണ്ട് കൈപുസ്തകത്തിലേക്ക് എന്തോ കൂടെ അവള്‍ പെട്ടന്ന് എഴുതിചേര്‍ക്കുന്നത് കണ്ട് ആകാംഷയോടെ ഞാന്‍ വീണ്ടും എത്തി നോക്കി.

ഗോളി

അത്രയും എഴുതിക്കഴിഞ്ഞപ്പോഴേക്കും അയാള്‍ അവള്‍ക്കരികില്‍ എത്തുകയും പുസ്തകം അവള്‍ എവിടെയോ ഒളിപ്പിക്കുകയും ചെയ്തിരുന്നു.

അങ്ങയുടെ ഭാഗത്ത് നിന്നും ഉചിത നടപടികള്‍ പ്രതീക്ഷിച്ചുകൊണ്ട്

പീറ്റര്‍ ചെക്ക്

48 comments:

Manoraj പറഞ്ഞു... മറുപടി

കഥാപാത്രങ്ങളും സന്ദര്‍ഭങ്ങളും സാങ്കല്‍‌പീകം മാത്രം..

kpofcochin പറഞ്ഞു... മറുപടി

വ്യത്യസ്തമായ ഒരു അവതരണം, കഥ എനിക്ക് ഇഷ്ടപ്പെട്ടു. കൂടുതല്‍ എഴുതൂ , ഇനിയും ഇതിലെ വരാം.
ഒരു സംശയം തോന്നിയത് , എന്തിനാണ് വെറുതെ ഒരു സുപ്രീം കോടതി ജഡ്ജിയെ ഇതെക്കെ കൊണ്ട് വന്നത്? അതില്ലാതെ വെറുതെ ഒരു ഡയറി കുറിപ്പായോ , വെറുതെ ഓര്‍ക്കുന്നതായോ മറ്റോ അവതരിപ്പിക്കാമായിരുന്നു എന്ന് തോന്നുന്നു.

പൈമ പറഞ്ഞു... മറുപടി

nalla pole kadha padichu
paranjirikkunnu. oru ezhuthinte
roopam adyam nannayi.
goliyude niyamangalum
manasika viicharangalum
nannayi ...

Nalla ezhuthinu bhavukangal
manochettaa (sorry mobilil aanu )

പട്ടേപ്പാടം റാംജി പറഞ്ഞു... മറുപടി

എനിക്കെന്തുപറ്റി എന്നതിലേക്കാണ് എന്റെ അന്വേഷണം....
ഒരു ഗോളിയുടെ കടമയെ പ്രവൃത്തിയെ ഇപ്പോഴത്തെ ജനങ്ങളുടെ (നമ്മുടെ) ചിന്തകളാക്കി അവതരിപ്പിച്ച പ്രത്യേകത ഇഷ്ടപ്പെട്ടു. തടുക്കാന്‍ കഴിയാതെ വരുമ്പോഴുള്ള നിസ്സഹായത....
നന്നായിരിക്കുന്നു.

തുമ്പി പറഞ്ഞു... മറുപടി

അവതരണശൈലി വളരെ മനോഹരം. അവളുടെ രക്തത്തില്‍ തന്റെ ആത്മാവിനും പങ്കുണ്ടെന്ന കുറ്റബോധമാണ് ജഡ്ജിക്കുമുന്നിലുള്ള വെളിപ്പെടുത്ത്ലുകളെന്ന് വിശ്വസിക്കുന്നു.അഭിനന്ദനങ്ങള്‍

Unknown പറഞ്ഞു... മറുപടി

കഥ വായിച്ചു...

എന്‍ എസ് മാധവന്റെ ഹിഗ്വിറ്റയായിരുന്നു മനസ്സ് നിറയെ

വ്യത്യസ്തത പുലര്‍ത്തുന്നു..ഇനിയും തുയിലുണരട്ടെ

ആശംസകളോടെ

ajith പറഞ്ഞു... മറുപടി

പുതിയ പരീക്ഷണമെന്ന നിലയില്‍ കൊള്ളാം.

പക്ഷെ കഥയെന്ന രീതിയില്‍ മുമ്പ് വായിച്ചിരുന്ന മനോരാജ് കഥകളുടെ നിലവാരം ഇത് എത്തിപ്പിടിക്കുന്നുണ്ടോ എന്ന് എനിക്ക് സംശയമാണ്.

ഭ്രാന്തന്‍ ( അംജത് ) പറഞ്ഞു... മറുപടി

മനോജ്‌, നിസ്സംശയം പറയാം. താങ്കള്‍ പുതിയ പരീക്ഷണം വിജയകരമാക്കിയിരിക്കുന്നു. ഇടയ്ക്കു ഹിഗ്വിറ്റയെ ഓര്‍മ്മിപ്പിക്കുന്നു എങ്കിലും. ഒരു പക്ഷെ ഗോളിയെന്ന വാക്കുമൂലം ആകാം അതിനു കാരണം. അതെ ഈ കത്ത് എഴുതേണ്ടത് നിയമത്തിന്‍റെ പരമോന്നത പീഠത്തിനു തന്നെയാണ്.... കാരണം മറ്റുള്ളവര്‍ ഇവിടെ നോക്കുകുത്തികള്‍ ആണ് എന്നുള്ളത് പെണ്‍കുട്ടിയുടെ കുറിപ്പ് വ്യക്തമാക്കുന്നു. കൂടതുല രണ്ടാം വായനക്ക് ശേഷം .

mini//മിനി പറഞ്ഞു... മറുപടി

ഗോളികൾ കളി മറക്കുന്ന കാലം, നല്ല കഥ,,,

മണ്ടൂസന്‍ പറഞ്ഞു... മറുപടി

മനോഏട്ടൻ ഈ ഒരു കഥയെഴുതി വിജയിച്ചൂ എന്ന് എനിക്ക് ഉറപ്പിച്ച് പറയാനാവുന്നില്ല, കാരണം ഇതിലൂടെ ഏട്ടൻ ലക്ഷ്യമാക്കുന്നതെന്തെന്നോ അതിന്റെ പോക്ക് എങ്ങോട്ടെന്നോ എനിക്കറിയില്ല,മനസ്സിലായിട്ടില്ല. പക്ഷെ ഒരു കാര്യം ഞാൻ നിസ്സംശയം പറയാം,നല്ലപോലെ ഗൃഹപാഠം ചെയ്തിട്ടുണ്ട് ഇത്തരമൊരു ത്രെഡിൽ പിടിയുറപ്പിക്കാൻ.! ആ കാര്യം എനിക്ക് നല്ലപോലെ ഇഷ്ടപ്പെട്ടു. കാരണം ആ കളിയേയും കളിക്കാരേയും പറ്റി വളരെ കുറച്ചു മാത്രം അറിവുള്ള ഒരാൾക്ക് ഒരിക്കലും എഴുതാൻ കഴിയുന്നതല്ല ഈ രീതിയിൽ ഒരു കഥ,ഉറപ്പ്.
ചെക് റിപ്പബ്ലിക്കിനേയും ആ ഗോളിയേയും കുറിച്ചും മറ്റു ടീമിലെ കളിക്കാരേയും പറ്റി നല്ല രീതിയിൽ ആഴത്തിൽ അറിവുണ്ടായാൽ മാത്രമേ ഇങ്ങനൊന്ന് എഴുതാനാവൂ.
പിന്നെ ഇത് ഹ്വിഗിറ്റയെ അനുസ്മരിപ്പിക്കുന്നു എന്ന വാദത്തോട് എനിക്ക് യോജിപ്പില്ല.
നല്ലൊരു വായന തന്നതിന് നന്ദി. ആശംസകൾ.

വര്‍ഷിണി* വിനോദിനി പറഞ്ഞു... മറുപടി

രക്തത്തിലും ശ്വാസത്തിലും ' ഫുട്ബോൾ ' തിളക്കുന്ന ക്യാപ്റ്റനും ഗോളിക്കും കളിക്കാർക്കുമിടയിൽ ഒരു പുസ്ത്കം പിടിച്ചിരിക്കുന്ന അതേ അവസ്ത്ഥയിലാണു ഞാനിപ്പോൾ..

ഒരു കഥ എന്ന് അംഗീകരിക്കാൻ വയ്യാത്ത പോലെ..
മിന്നായം പോലെ ഓടി മറയുന്ന മറ്റ്‌ കഥാപാത്രങ്ങളോടൊപ്പം ' ഗോളി ' എത്തിയില്ലാന്ന് ന്റെ മാത്രം അഭിപ്രായം ..
but,gives a touch n feel of something great..!

Hashiq പറഞ്ഞു... മറുപടി

2006-ല്‍ സ്റ്റീഫന്‍ ഹണ്ടിന്റെ ബൂട്ട് തലയ്ക്ക് കൊണ്ട് ഗുരുതരമായി പരിക്കേറ്റത്തിനുശേഷം ഹെഡ്‌ ഗാര്‍ഡുമായി കളത്തിലിറങ്ങുന്ന, കളിയിലും ഗ്രൌണ്ടിലെ പെരുമാറ്റത്തിലും വ്യത്യസ്തനായ പീറ്റര്‍ ചെക്ക്‌ എന്ന മിടുക്കന്‍ ഗോളിക്ക് ഈ കഥയില്‍ എന്തുകാര്യം എന്ന് തുടക്കത്തില്‍ സംശയിച്ചു. പ്രതികരിക്കേണ്ട കാണികളും പ്രതിരോധിക്കേണ്ട ഗോളിയും ചലനമറ്റവര്‍ ആകുമ്പോള്‍ സംഭവിക്കുന്ന കഥ...അവസാനം അങ്ങനെ മനസിലാക്കുന്നു.
പെനാല്‍റ്റി ബോക്സില്‍ എതിരാളിയെ പുറകില്‍നിന്നും ചവിട്ടി വീഴ്ത്തുന്ന കളിക്കരനുനേരെ കണ്ണടക്കുകയും എതിര്‍ കളിക്കാരന്റെ ജേഴ്സിയില്‍ പിടിച്ചു വലിക്കുന്നയാളെ ചിലപ്പോഴെങ്കിലും ചുവപ്പ് കാര്‍ഡ്‌ കാണിച്ചു പുറത്താക്കുകയും ചെയ്യുന്ന റഫറിയുടെ അടുത്താണോ ഈ അപ്പീല്‍ എന്നൊരു സംശയമുണ്ട്‌ .
നന്നായി വം-അപ്പ് ചെയ്തതിന് ശേഷം ഗ്രൗണ്ടിലിറങ്ങിയ ഒരു കളിക്കാരന്റെ നീക്കം ഓരോ വരികളിലുമുണ്ട്. പുതിയ ഒരു കേളീശൈലി..... നല്ല ഒരു മത്സരം കണ്ട സുഖം...

സ്മിത മീനാക്ഷി പറഞ്ഞു... മറുപടി

നന്നായി..

ഭാനു കളരിക്കല്‍ പറഞ്ഞു... മറുപടി

കളി മറന്നു പോകുന്ന കാലം, കൊള്ളാം മനോരാജ്.

ഷബീര്‍ - തിരിച്ചിലാന്‍ പറഞ്ഞു... മറുപടി

നന്നായിട്ടുണ്ട് മനോജേട്ടാ... വ്യത്യസ്തമായ വായനാനുഭവം... ഈ കഥക്കുപിന്നിലെ പ്രയത്നത്തിന് അഭിനന്ദനങ്ങള്‍...

സിയാഫ് അബ്ദുള്‍ഖാദര്‍ പറഞ്ഞു... മറുപടി

ഹിഗ്വിറ്റ വല്ലാതെ ചുവച്ചു മനോ :(കഥയുടെ മൊത്തം പരിസരം ഹിഗ്വിറ്റയുടെതിന് സമാനം ആയത് കൊണ്ടാവാം ..എങ്കിലും ഭാഷയിലും കയ്യടക്കത്തിലും പുലര്‍ത്തുന്ന മികവിന് ഒരു സല്യൂട്ട്

jayanEvoor പറഞ്ഞു... മറുപടി

വ്യത്യസ്തമായ കഥ.
ഇഷ്ടപ്പെട്ടു മനോരാജ്!

African Mallu പറഞ്ഞു... മറുപടി

കഥ യുടെ അവതരണം നന്നായി ..അതിനുള്ള ഹോം വര്‍ക്കും നന്നായി .

Arun Kappur പറഞ്ഞു... മറുപടി

തികച്ചും വ്യത്യസ്തമായ ഒരു അവതരണം. വളരെ നന്നായിട്ടുണ്ട്. ആശംസകള്‍.

ആമി അലവി പറഞ്ഞു... മറുപടി

കഥയെന്നരീതിയില്‍ പൂര്‍ണമായോ എന്നൊരു സംശയം . എവിടെയൊക്കെയോ വായന മുറിയുന്നു അഥവാ മനസ്സിലാക്കാന്‍ കഴിയുന്നില്ല . ഒരുപക്ഷെ അതെന്റെ വായനയുടെ പരാജയം . പക്ഷെ ആശയം നന്ന് , ഹ്വിഗിറ്റയെ ഒര്മിപിചെന്കില്‍കൂടി .വായനക്ക് പൂര്‍ണത കിട്ടിയില്ല .ക്ഷമിക്കുക .

niDheEsH kRisHnaN @ ~അമൃതംഗമയ~ പറഞ്ഞു... മറുപടി

വ്യത്യസ്തമായ ഒരു അവതരണം, കഥ നന്നായി എഴുതി

നാമൂസ് പെരുവള്ളൂര്‍ പറഞ്ഞു... മറുപടി

അറിയിക്കേണ്ടത് അവരെത്തന്നെയാണ്, ബഹുമാന്യ ഘാതകരെ.!

Sukanya പറഞ്ഞു... മറുപടി

പുതുമയുള്ള അവതരണം. അതുതന്നെ പ്രത്യേകത.

Biju Davis പറഞ്ഞു... മറുപടി

ധീരമായ ഒരു പരീക്ഷണം, മനോരാജ്!

മുഴുവനായി വിജയിച്ചോ എന്ന്‍ പറയാനാവില്ല. കത്ത് രൂപത്തില്‍ കഥയെഴുതുക ഏറെ ശ്രമകരമാണെന്ന് അറിയാം. ഈയിടെ വായിച്ച കന്യകാത്വം ലേലം ചെയ്യുന്ന ഒരു നഴ്സിന്റെ കഥ (കൂട്ടുകാരിക്കെഴുതുന്ന ഒരു കത്തിന്റെ മാതൃകയില്‍), ഹിഗ്വിറ്റ എന്നിവയുടെ ഒരു കോംപിനേഷന്‍ ആയി ഫീല്‍ ചെയ്തു.

ഫുട്ബോള്‍ ആഴത്തില്‍ അറിയാത്ത വായനകാര്‍ക്ക് ഇത് ഗ്രഹിച്ചെടുക്കാന്‍ പ്രയാസമാകുമോ എന്ന്‍ അറിയില്ല. പിന്നെ, എനിക്കു തോന്നിയ ഒന്നു രണ്ട് കുറവുകള്‍:

1. പെണ്‍ കുട്ടിയെ ആക്രമിക്കുന്ന രണ്ട് അതികായന്‍മാരെ ഇനിയെസ്റ്റ, സേവി തുടങ്ങിയ കളിക്കാരുമായുള്ള താരതമ്യം. (ഇനിയെസ്റ്റ ഒരു പക്ഷേ, ഇന്നത്തെ ലോകഫുട്ബോളില്‍ ഏറ്റവും കൃശഗാത്രനും, കുറിയവനും ആണ്. സേവിയും ആജാനബാഹു അല്ല.) അവരുടെ പ്രതിഭയും, പ്രകടനവും ആണ് മനോ ലക്ഷ്യമാക്കിയതെന്ന് വാദിക്കാമെങ്കിലും, രണ്ട് കറുത്ത ഫ്രെഞ്ച് ഡിഫന്ദര്‍മാര്‍ക്ക് വായനക്കാരനില്‍ കുറെക്കൂടെ ഫീല്‍ കൊടുക്കാനാകില്ലേ?

2. ഗോളിയുടെ ഹെല്‍മറ്റ് ഊരുന്ന രംഗം! ചെക്ക് ഗോളി സ്ഥിരമായി ഹെലമ്റ്റ് ഉപയോഗിക്കുമായിരിക്കാം. എന്തായാലും ഹെല്‍മറ്റ് ഫുട്ബോളില്‍ സാധാരണമല്ല.

കഥ മോശമായെന്ന് എനിക്കഭിപ്രായമില്ല. എന്നാല്‍ മനോ ഉദ്ദേശിച്ച വ്യാപ്തി ലഭിക്കുമോ എന്നെ സംശയമുള്ളൂ.

Shaleer Ali പറഞ്ഞു... മറുപടി

കഥയിലെ പുതിയ വഴികള്‍ തേടുന്ന എഴുത്തുകാരന് അഭിനന്ദനങ്ങള്‍...
കത്തിലെ കഥയിലൂടെ വ്യത്യസ്തമായൊരു വായനാനുഭവം തന്നെ സമ്മാനിച്ചു .....

Saheer Majdal പറഞ്ഞു... മറുപടി

പരിജയ പെടുത്തിയതിനു നന്ദി...ട്ടോ..മനേഷ്..
പീടെര്‍..ചെക്കെന്ന എന്‍റെ ഇഷ്ട -ഗോളിയുടെ മനോ വ്യാപാരങ്ങള്‍ എന്തായിരിക്കാം എന്ന ആകാംക്ഷയിലാണ് ഇതു വായിച്ചു തുടങ്ങിയത്.ഹിഗ്വിറ്റ എന്ന നോവല്‍ കുറെ മുന്നേ വായിച്ചതാണ്.ഈ പോസ്റ്റ്‌ വീണ്ടും ആ നോവലിനെ ഓര്‍മ്മപെടുത്തി...എന്തായാലും നന്നായിരിക്കുന്നു...നന്ദി..മനോ..

Jefu Jailaf പറഞ്ഞു... മറുപടി

ഇങ്ങനെയും കഥ പറയാം അല്ലെ. അഭിപ്രായമില്ല അഭിനന്ദനങ്ങള്‍..

Pradeep Kumar പറഞ്ഞു... മറുപടി

ഹിഗ്വിറ്റയുടെ നിഴൽ ഒന്നുരണ്ടിടത്ത് തോന്നിച്ചു എങ്കിലും, എൻ.എസ് മാധവനിൽ നിന്നു വ്യത്യസ്ഥമായ ഒരു ട്രീറ്റ്മെന്റ് കൊണ്ടുവന്നിട്ടുണ്ട്...

മനോരാജ് പ്രകടിപ്പിക്കുന്ന കൈയ്യടക്കമാണ് ഇവിടെ ശ്രദ്ധേയമായത്.... കഥയിലെ ഏകാഗ്രത അഭിനന്ദനീയം....

നിസാരന്‍ .. പറഞ്ഞു... മറുപടി

കഥാപാത്രങ്ങള്‍ സാങ്കല്‍പ്പികം അല്ലല്ലോ സന്ദര്‍ഭങ്ങള്‍ അല്ലെ സാങ്കല്‍പ്പികം :)

ആത്മാവിനെ മോചിപ്പിച്ചു കളി കാണാന്‍ ടെലിവിഷന്‍ സെറ്റുകളുടെ മുന്നിലേക്ക്‌ വിടുന്നു എന്ന ആശയം പുതുമയുള്ളതാണ്. അവിടെ കണ്ട കാഴ്ചകളിലൂടെ കഥ പറഞ്ഞതും.കണ്ട കാഴ്ചകള്‍ നമ്മുടെ നാടിന്റെ നേര്‍കാഴ്ചകള്‍ ആയതില്‍ അത്ഭുതമില്ലല്ലോ. ഒരു പക്ഷെ ഗോളിയായത് കൊണ്ട് മാത്രം ആകാം ഇത് ഹിഗ്വിറ്റയെ ഓര്‍മിപ്പിച്ചു എന്ന് പറയുന്നത്. എനിക്കങ്ങനെ തോന്നിയില്ല .
ഒരല്‍പം കുറവായി തോന്നിയത് കുറച്ചു കൂടെ ഒതുക്കി പറയാന്‍ കഴിയുമായിരുന്നു എന്ന് തോന്നി.
നല്ല ഒരു കഥ

viddiman പറഞ്ഞു... മറുപടി

ആദ്യ വായനയിൽ ഹിഗ്വിറ്റ മനസ്സിലേക്കോടിയെത്തി. ഗോളിയും ഫുട്ബോളൂം പെൺകുട്ടിയുമെല്ലാം ഇരുകഥകളിലുമുള്ളതാവാം കാരണം..

വിശദമായി വീണ്ടും വായിച്ചപ്പോൾ ഹിഗ്വിറ്റയ്ക്ക് ഈ കഥയിൽ സ്ഥാനമില്ലെന്ന് മനസ്സിലായി..
ചിലയിടത്ത് ആവർത്തനങ്ങളും അനാവശ്യമായ വലിച്ചു നീട്ടലുകളും വരുന്നുണ്ടെന്നതൊഴിച്ചാൽ നല്ല കഥയായി തന്നെ പുനർവായനയിൽ അനുഭവപ്പെട്ടു.

ആക്രമിക്കപ്പെടുന്ന പെൺകുട്ടികൾ മനോരാജിന്റെ ഇഷ്ടപ്രമേയമാണെന്ന് തോന്നുന്നു.. :)

awara! പറഞ്ഞു... മറുപടി

അസാധ്യ ചിന്ത തന്നെ ചേട്ടാ.. ഞാന്‍ ഒരു ഫുട്ബാള്‍ ആസ്വാദകന്‍ ആണ്.. ഇഷ്ട ടീം മന്ചെസ്റെരും ഗോളി യും ആണ്..
വ്യത്യസ്തമായ ഈ കഥപറച്ചില്‍ കാര്യവും കൂട്ടിയിണക്കി വളരെ നന്നാക്കി അഭിനന്ദനങ്ങള്‍ !

awara! പറഞ്ഞു... മറുപടി

van der saar*

Manoraj പറഞ്ഞു... മറുപടി

@ kpofcochin aka kp : തേജസിലേക്ക് സ്വാഗതം. വെറുമൊരു ഓര്‍മ്മക്കുറിപ്പില്‍ ഇതില്‍ പരാമര്‍ശിച്ച പല വസ്തുതതകള്‍ക്കും സ്ഥാനമില്ല എന്ന് എന്റെ മനസ്സ് പറഞ്ഞു. എന്റെ തോന്നലാവാം സുഹൃത്തേ.

@പൈമ : നന്ദി.

@പട്ടേപ്പാടം റാംജി : വായനക്ക് നന്ദി.

@തുമ്പി : തേജസിലേക്ക് സ്വാഗതം. എഴുതിയ കഥ വായനക്കാരുടേതാണ്. അവരുടെ തോന്നലുകള്‍ തന്നെയാവും ശരി. ഒരു പക്ഷെ തെറ്റും :)

@Saleem Ayyanath : തേജസിലേക്ക് സ്വാഗതം സലിം. ഹിഗ്വിറ്റ എന്ന കഥ മലയാള ചെറുകഥയിലെ വേറിട്ട ഒരു വായനയായിരുന്നു. കഥയെഴുത്തിന്റെ വഴികള്‍ തിരിച്ചുവിട്ട ഒരു വ്യത്യസ്ത അവതരണം. എന്റെ ഈ കഥ വായിച്ചപ്പോള്‍ ഹിഗ്വിറ്റ ഓര്‍മ്മ വന്നുവെങ്കില്‍ സന്തോഷം. ഹിഗ്വിറ്റയില്‍ നിന്നും ഒന്നും കടമെടുക്കുവാന്‍ ഞാന്‍ ശ്രമിച്ചിട്ടില്ല എന്നത് വാസ്തവവും.

@ajith : എന്റെ ബ്ലോഗിലെ സ്ഥിരം വായനക്കാരന്‍ എന്ന നിലയില്‍ അജിതിന്റെ അഭിപ്രായത്തെ ഞാന്‍ ഏറെ മാനിക്കുന്നു. സ്ഥിരമായി വായിക്കുന്ന ഒരാള്‍ക്ക് പറയാന്‍ കഴിയുന്ന അഭിപ്രായമാണ് അജിത് പറഞ്ഞത്. അതുകൊണ്ട് തന്നെ അത് സത്യമാവാം. ആവാം എന്നതിനേക്കാള്‍ ആണ് എന്ന് ഞാനും ഉറപ്പിക്കുന്നു. കൂടുതല്‍ മികവുറ്റ രചനകള്‍ക്ക് ഉള്ള എന്റെ ശ്രമങ്ങള്‍ക്ക് ഊര്‍ജ്ജവും പ്രേരണയുമാണ് ഈ അഭിപ്രായവും ഓര്‍മ്മപ്പെടുത്തലും. നന്ദി.

@mini//മിനി : നന്ദി ടീച്ചര്‍.

@മണ്ടൂസന്‍ : കഥയെ നല്ല രീതിയില്‍ വായിക്കാന്‍ ശ്രമിച്ചതിന് നന്ദി. പറഞ്ഞത് ശരിയാണെന്ന് എനിക്കും തോന്നുന്നുണ്ട്. ഞാന്‍ ഉദ്ദേശിച്ച ആംഗിളില്‍ വായനക്കാരെ കൊണ്ടുവരുവാന്‍ എനിക്ക് കഴിഞ്ഞിട്ടില്ല. പക്ഷെ എഴുതി പ്രസിദ്ധീകരിച്ച കഥ വായനക്കാരന്റെതാണെന്നതിനാല്‍ ഇനി നിങ്ങള്‍ തന്നെ ഇതിന്റെ വിധികര്‍ത്താക്കള്‍. നന്ദി നല്ല വാക്കുകള്‍ക്കും ഓര്‍മ്മപ്പെടുത്തലുകള്‍ക്കും.

@ വര്‍ഷിണി* വിനോദിനി : അങ്ങിനെ തോന്നിയോ. ഒരു പക്ഷെ ശരിയാവാം.

Manoraj പറഞ്ഞു... മറുപടി

@Hashiq : പീറ്റര്‍ ചെക്ക് സ്ഥിരമായി ഹെല്‍മെറ്റ് ഉപയോഗിക്കും എന്ന് അറിയാമായിരുന്നു. അത് കഥയിലെ വളരെ മര്‍മ്മമാ‍യ ഒരു പോയിന്റ് ആക്കിമാറ്റുമ്പോള്‍ (എന്റെ കാഴ്ചപ്പാടില്‍) പക്ഷെ അതിന്റെ പിന്നിലെ കഥ എനിക്ക് അറിയില്ലായിരുന്നു. അത് പറഞ്ഞു തന്നതിനും കഥ വായിച്ച് അഭിപ്രായം പറഞ്ഞതിനും നന്ദി.

@സ്മിത മീനാക്ഷി : നന്ദി.

@ഭാനു കളരിക്കല്‍ : നന്ദി ഭാനു.

@ഷബീര്‍ - തിരിച്ചിലാന്‍ : നന്ദി തിരിച്ചിലാന്‍.

@സിയാഫ് അബ്ദുള്‍ഖാദര്‍ : നന്ദി സിയാഫ്. കഥയുടെ മൊത്തം പരിസരവും ഹിഗ്വിറ്റയുടേതാണൊ? എന്തോ എനിക്ക് അങ്ങിനെ തോന്നുന്നില്ല. മണ്ടൂസന്‍ പറഞ്ഞത് പോലെ രണ്ടും ഫുട്ബാളും ഗോളിയുമായി ബന്ധപ്പെട്ടതാണെന്ന സമാനതയേ തോന്നുന്നുള്ളു. പക്ഷെ, എഴുതുന്ന സമയത്തോ പോസ്റ്റുന്ന സമയത്തോ ഹിഗ്വിറ്റ ഓര്‍ത്തില്ല എന്നത് സത്യവും. സലിം കമന്റിലും റാംജി മെയിലിലും സൂചിപ്പിച്ചപ്പോളാണ് അത് മനസ്സിലേക്ക് വന്നത്.

@jayanEvoor : നന്ദി ഡോക്ടര്‍

@AFRICAN MALLU : നന്ദി.

@Arun Kappur : തേജസിലേക്ക് സ്വാഗതം. നന്ദി.

@അനാമിക : വായനക്കും തുറന്ന അഭിപ്രായത്തിനും നന്ദി. കഥയെന്ന രീതിയില്‍ പൂര്‍ണ്ണമായില്ല എന്ന തോന്നല്‍ കമന്റുകള്‍ കാണുമ്പോള്‍ എനിക്കുമുണ്ട്. ഒരു പക്ഷെ ഞാന്‍ ഉദ്ദേശിച്ച രീതിയില്‍ പൂര്‍ണ്ണമല്ല എന്ന തോന്നല്‍ എന്ന് തിരുത്തിപ്പറയാം.

@Nidheesh Krishnan : തേജസിലേക്ക് സ്വാഗതം. നന്ദി.

@അംജത്‌ : നന്ദി സുഹൃത്തേ. ശരിയായിരിക്കാം. അവരൊക്കെ ഇത് അറിയട്ടെ അല്ലേ :)

@നാമൂസ് : നന്ദി.

@Sukanya : നന്ദി




Manoraj പറഞ്ഞു... മറുപടി

@Biju Davis : കഥയെ ആഴത്തില്‍ വായിച്ച് അഭിപ്രായം രേഖപ്പെടുത്തിയതില്‍ നന്ദി. സൂചിപ്പിച്ചത് പോലെ ഞാന്‍ ഉദ്ദേശിച്ച ആശയം മുഴുവന്‍ വായനക്കാരിലേക്ക് എത്തിക്കുവാന്‍ കഥക്ക് കഴിഞ്ഞില്ല എന്നത് കഥയെഴുത്തിന്റെ പരാജയം തന്നെയെന്ന് ഞാന്‍ മനസ്സിലാക്കുന്നു. എഴുതിയ കഥ സ്വയം വിശദീകരിക്കുന്നത് ശരിയല്ലാത്തതിനാല്‍ അത് ചെയ്യുന്നില്ല:) മറ്റൊന്ന്, ബിജു ഉന്നയിച്ച രണ്ട് സംശയങ്ങള്‍. സാവിയും ഇനിസ്റ്റയും. അവരെ കഥയിലേക്ക് കൊണ്ടുവരുമ്പോള്‍ ബിജു ഉദ്ദേശിച്ച അര്‍ത്ഥതലം എന്റെ മനസ്സില്‍ ഉണ്ടായിരുന്നില്ല. മറിച്ച് ആ സമയത്ത് ഗോളി അവിടെ ഇരുപ്പുറപ്പിക്കുകയും കളിയെ ആസ്വദിക്കുവാന്‍ ശ്രമിക്കുകയുമായിരുന്നു. അതേ സമയം കാളകൂറ്റന്മാരെപ്പോലെയുള്ള രണ്ട് പേരെ കണ്ടപ്പോള്‍ കാളപ്പോരിന്റെ നാട്ടില്‍ (സ്പെയിന്‍)നിന്നുള്ളവരുമായുള്ള ഫൈനല്‍ സ്വപ്നം കാണുകയും കിക്കോഫിന് നില്‍ക്കുക പൊതുവെ മിഡ്‌ഫീല്‍ഡ് ജനറത്സ് ആയതിനാല്‍ ഇവരെ രണ്ട് പേരെയും പരിഗണിച്ചു എന്നും ഉള്ളു. രണ്ടാമത്തെ സംശയം. ഹെല്‍മറ്റിന്റെത്. മുന്‍പ് ഒരു കമന്റില്‍ ഞാന്‍ സൂചിപ്പിച്ചു. ഈ കഥയില്‍ ഹെല്‍മറ്റിന് എന്റെ മനസ്സില്‍ വലിയ സ്ഥാനമുണ്ടായിരുന്നു എന്ന്. ഫുട്ബാളില്‍ ഹെല്‍മറ്റ് വെക്കുന്ന അപൂര്‍വ്വം ഗോളികളില്‍ (ഒരു പക്ഷെ ഒരാളേ ഉണ്ടാകൂ) ഒരാളാണ് ചെക്ക്. അദ്ദേഹത്തിന്റെ ഹെല്‍മറ്റിന്റെ ഷെയ്പ് ഒരു മഫ്ലര്‍ കെട്ടുപോലെയുമാണ്. ഇവിടെ അവസാനം പെണ്‍കുട്ടിയിലേക്ക് വരുന്ന ആള്‍ക്കും തലയില്‍ ഒരു മഫ്ലര്‍ ഉണ്ട്. അയാളെ ഒരു കോച്ചായോ സംരക്ഷകനായോ കഥയില്‍ സൂചിപ്പിക്കുന്നുമുണ്ട്. നല്ല വായനക്കും തുറന്ന അഭിപ്രായത്തിനും നന്ദി.

@Shaleer Ali : നന്ദി.

@SAHEER MAJDAL : തേജസിലേക്ക് സ്വാഗതം. നന്ദി.

@Jefu Jailaf : ജെഫു. കഥ ഇഷ്ടമായാലും അല്ലെങ്കിലും അഭിപ്രായങ്ങള്‍ തുറന്ന് പറയണമെന്ന അഭിപ്രായക്കാരനാണ് ഞാന്‍. മറ്റുള്ളവരുടെ തുറന്ന അഭിപ്രായങ്ങള്‍ക്കായാണ് പോസ്റ്റ് ചെയ്യുന്നത്. വായനക്ക് നന്ദി.

@Pradeep Kumar : നന്ദി പ്രദീപ്. വായനക്കും വിലയിരുത്തലിനും

@നിസാരന്‍ .. :സന്ദര്‍ഭങ്ങളും സാങ്കല്പീകമാണ്. കഥാപാത്രങ്ങളെയും സാങ്കല്പീകമാക്കിയാല്‍ പോരെ :) എന്നെ തല്ല് കൊള്ളിക്കണോ.. ഹി..ഹി.. ഒരു പരിധിവരെ നിസ്സാരന്‍ പറഞ്ഞത് ശരിയാണ്. ചില കഥാപാത്രങ്ങളെയെങ്കിലും സാങ്കല്പീകം എന്ന് പറഞ്ഞ് കൈയൊഴിയുവാന്‍ കഴിയില്ല. അത് ഞാന്‍ സമ്മതിക്കുന്നു. നന്ദി.

@viddiman : വിശദമായ വായനക്ക് നന്ദി. വലിച്ചു നീട്ടലുകള്‍ അല്ലെങ്കില്‍ ചിലയിടങ്ങളില്‍ ലാഗ് വന്നതായി എനിക്കും തോന്നി. പക്ഷെ അറിയാമല്ലോ, പ്രസവം കഴിഞ്ഞ കുഞ്ഞിനെ ഇനി കുളിപ്പിക്കുവാനേ കഴിയൂ:) ഉടച്ചു വാര്‍ക്കുവാന്‍ കഴിയില്ല. പിന്നെ പീഡിപ്പിക്കപ്പെടുന്ന സ്ത്രീകഥാപാത്രങ്ങള്‍.. ഒരു പക്ഷെ ഇതേ കാരണം എന്റെ മനസ്സിലും തോന്നിയത് കൊണ്ടാവാം, ഏതാണ്ട് മൂന്ന് മാസങ്ങളോളമായി പലവട്ടം എഴുത്തിന്റെ വഴിയില്‍ ഈ കഥ ഞാന്‍ ഉപേക്ഷിച്ചതാണ്. പക്ഷെ എന്തുകൊണ്ടോ നിത്യേന നാം കേള്‍ക്കുന്നതും കാണുന്നതും ഇത്തരം വാര്‍ത്തകള്‍ ആകുമ്പോള്‍ വീണ്ടും അതിലേക്ക് തന്നെ പേനയെത്തപ്പെടുന്നു (കീബോര്‍ഡ്) എന്നതാണ് സത്യം! പക്ഷെ, ഈ ഓര്‍മ്മപ്പെടുത്തല്‍ നന്നായി. എന്റെ വായനക്കാര്‍ എന്നിലെ കഥാകൃത്തിനെ എത്രത്തോളം സൂക്ഷ്മമായി നിരീക്ഷിക്കുന്നു എന്ന തിരിച്ചറിവ് ഉണ്ടെങ്കിലേ എഴുതാനിരിക്കുമ്പോള്‍ കൈ വിറക്കൂ :)

@ത്രിശൂക്കാരന്‍!! : തേജസിലേക്ക് സ്വാഗതം. ആദ്യ അഭിപ്രായത്തിന് നന്ദി. രണ്ടാമത്തെത് എന്തെന്ന് എനിക്ക് മനസ്സിലായില്ല. കളിക്കാരന്റെ പേര് എന്ന് ഊഹിക്കുന്നു.

thalayambalath പറഞ്ഞു... മറുപടി

അഭിനന്ദനങ്ങള്‍

Muralee Mukundan , ബിലാത്തിപട്ടണം പറഞ്ഞു... മറുപടി

നന്നായി...
ഒരു വേറിട്ട അവതരണം കേട്ടോ മനോ.

lekshmi. lachu പറഞ്ഞു... മറുപടി

വളരെ നാളത്തെ ശ്രമം ആണെന്ന് തോന്നുന്നു.ഒരുപാട് പ്രയത്നിച്ചു എഴുതിയതാണെന്ന് മനസ്സിലായി.ഫുട്ബോളിനെ കുറിച്ച് എനിക്ക്
അറിവില്ലാത്തതിനാല്‍ കഥ എനിക്ക് ദെഹിച്ചില്ല ,ഹിഗ്വിറ്റ കഥ ഓര്‍മ്മവന്നു .അതും പാതിവഴിയില്‍ ഞാന്‍ വായന ഉപേക്ഷിച്ചതാണ്.എന്തായാലും പുതിയ പരീക്ഷണങ്ങള്‍ ഇനിയും തുടരുക .ആശംസകള്‍

വേണുഗോപാല്‍ പറഞ്ഞു... മറുപടി

ഹിഗ്വിറ്റ വായിച്ചിട്ടില്ല..

ഇത് വളരെ ഇഷ്ട്ടമായി. വ്യത്യസ്തമായ ഈ ശൈലീ സ്വീകരണം കഥക്ക് മിഴിവ് നല്‍കുന്നു.

ഇലഞ്ഞിപൂക്കള്‍ പറഞ്ഞു... മറുപടി

വ്യത്യസ്തതയ്ക്കുവേണ്ടി ഇത്രയേറെ ഹോംവര്‍ക്ക് ചെയ്ത മനോ തീര്‍ച്ചയായും അഭിനന്ദനമര്‍ഹിക്കുന്നു.കഥ ആസ്വദിക്കാന്‍ പൂര്‍ണ്ണമായെനിക്ക് കഴിയാതിരുന്നത് തികച്ചും അപരിചിതമായ ഒരു തട്ടകത്തില്‍ നിന്ന് പറഞ്ഞ ഒന്നായതുകൊണ്ടാവാം.

പ്രയാണ്‍ പറഞ്ഞു... മറുപടി

വ്യത്യസ്തം...... ഒരുപരീക്ഷണത്തിന്റെ അപാകതകള്‍ കണ്ടില്ലെന്നു നടിക്കാന്‍ പറ്റില്ലെങ്കിലും. തല നന്നായി ഉപയോഗിച്ച് വായിക്കേണ്ട അവസ്ഥയിലേക്ക് എത്തിച്ചതിന് അഭിനന്ദനമര്‍ഹിക്കുന്നു.അതുകൊണ്ടുതന്നെ എഴുതാനെടുത്ത തെയ്യാറെടുപ്പുകള്‍ തിരിച്ചറിയുന്നു.

റോസാപ്പൂക്കള്‍ പറഞ്ഞു... മറുപടി

കഥക്ക് വ്യസ്ത്യസ്തതയുണ്ട്.
എഴുത്തുകാരന്‍ ധാരാളം നിരീക്ഷണങ്ങള്‍ നടത്തിയിരിക്കുന്നു.
ഫുട്ബോള്‍ എന്ന കളിയുടെ ആത്മാവിനോടൊപ്പം സഞ്ചരിച്ചിക്കുന്നു.

പക്ഷെ എന്നെപ്പോലെ ഒരു സാധാരണ വായനക്കാരിക്ക് ദഹിച്ചില്ല.
എന്റെ എളിയ അഭിപ്രായത്തില്‍ വായനയുടെ രസച്ചരട് മുറിയാതെ വായിച്ചു പോകാനുള്ളതാണ് കഥ. അതില്‍ ഇത് വിജയിച്ചോ എന്ന് സംശയം.

K@nn(())raan*خلي ولي പറഞ്ഞു... മറുപടി

ഇന്നലെയും ചാറ്റിലൂടെ ഒരു ബ്ലോഗറോട് പറഞ്ഞു, മനോജേട്ടന്റെ കഥകളാണ് പുസ്തകമായി ഇറങ്ങേണ്ടത് എന്ന്.
ഒന്നുകില്‍ നിങ്ങളതിന് ശ്രമിക്കുന്നില്ല. അല്ലെങ്കില്‍ നിങ്ങള്ക്ക് നിങ്ങളുടെ വില മനസിലാവുന്നില്ല!

വൈകിയാണെങ്കിലും ഇത്രയും മനോഹരമായ ഒരു കഥ വായിക്കാന്‍ കഴിഞ്ഞതില്‍ ദൈവത്തിനു സ്ത്രോത്രം!

കുസുമം ആര്‍ പുന്നപ്ര പറഞ്ഞു... മറുപടി

വേറിട്ട അവതരണശൈലി. നന്നായിട്ടുണ്ട്. ഇന്നും പേപ്പറില്‍ വായിച്ചതേയുള്ളു. ഏറ്റവും കൂടുതല്‍ പീഡനക്കേസ്സ് രജിസ്ട്രറു ചെയ്തിരിക്കുന്നത് കേരളത്തിലാണെന്നത്.

KS Binu പറഞ്ഞു... മറുപടി

കാൽപ്പന്തും ഗോളിയും ഗോൾപോസ്റ്റും പെൺകുട്ടിയും പ്രധാനമായി വന്നപ്പോൾത്തന്നെ മനസിലെന്താണ് വന്നതെന്ന് പ്രത്യേകം പറയേണ്ടല്ലോ.. പക്ഷേ അതിൽനിന്ന് വ്യത്യസ്തമാണ് സംഗതിയെന്ന് പിന്നെ മനസിലായി. ഇരയും വേട്ടക്കാരനും കാണിയും രക്ഷിതാവും ഒന്നാകുന്ന അവസ്ഥ! ഇതൊരു മനസിന്റെ കളിയാണ്. എ മൈൻഡ് ഗെയിം! അന്തിമമായ ഒരു ഉത്തരം, ഒരു വിധി മുൻപോട്ട് വയ്ക്കാതെ ആശയത്തെ മുഴുവൻ സംഭവങ്ങളോടെയും അനുവാചകന്റെമുൻപിലേയ്ക്ക് വെച്ചുനീട്ടുന്നതാണ് ഏറ്റവും ഹൈലൈറ്റായി എനിക്ക് തോന്നിയൊരു കാര്യം. ദൃക്സാക്ഷിത്വത്തിൽനിന്ന് കർമ്മത്തിലേയ്ക്കുകടക്കുമ്പോളുള്ള അപരിചിതമായ, പുതിയ ഭാവമാറ്റം ഹിഗ്വിറ്റയ്ക്ക് ഒരു മറുപടിയാണോ? പിന്നെ, നറേഷൻ, ഫുട്ബോളും റേപ്പുമായി ഇടകലർത്തി, എഴുതിയരീതി, ഒരു പരീക്ഷണം.. എനിക്കിഷ്ടപ്പെട്ടു. അതൊരു പരീക്ഷണമായതുകൊണ്ടുതന്നെ ചിലപ്പോഴൊക്കെ നേരിയരീതിയിൽ കൈയ്യടക്കത്തിൽ ഒരു ചാഞ്ചല്യം തോന്നി... (ഒരു സംശയം, ദേഹിയാണോ, ദേഹമല്ലേ മൈതാനത്ത് ഉപേക്ഷിക്കപ്പെടുന്നത്, ദേഹിയെന്നാൽ ആത്മാവല്ലേ, അത് ഇങ്ങ് കേരളത്തിലല്ലേ?)

kochumol(കുങ്കുമം) പറഞ്ഞു... മറുപടി

വ്യത്യസ്തമായ അവതരണശൈലി !

Manoraj പറഞ്ഞു... മറുപടി

@thalayambalath : നന്ദി.

@ബിലാത്തിപട്ടണം Muralee Mukundan : നന്ദി

@lekshmi. lachu : ഈ കഥ പലവട്ടം എഴുത്തിനിടയില്‍ ഞാനും ഉപേക്ഷിച്ചതായിരുന്നു ലെചു. വായനക്ക് നന്ദി.

@വേണുഗോപാല്‍ : വായനക്ക് നന്ദി.

@ഇലഞ്ഞിപൂക്കള്‍ : വായനക്കാരനിലേക്ക് കഥ കൃത്യമായി എത്തിയില്ലെങ്കില്‍ കഥക്കായി എത്ര ഹോംവര്‍ക്ക് ചെയ്തു എന്നതിന് പ്രസക്തിയില്ലെന്ന് അറിയാം ഇലഞ്ഞി. എല്ലാത്തരം വായനക്കാരിലേക്കും കഥ എത്തിക്കുവാന്‍ കഴിയണം എന്ന് തന്നെയായിരുന്നു ആഗ്രഹം. അടുത്ത വട്ടം ശ്രമിക്കാം.

@പ്രയാണ്‍ : ഫുട്ബാള്‍ കളിയില്‍ തലക്ക് നല്ല സ്ഥാനമുണ്ട് ചേച്ചി.. ഹെഡ് ചെയ്യുവാന്‍ മാത്രമല്ല. മറിച്ച് ചിന്തിക്കുവാനും :)

@റോസാപൂക്കള്‍ : പോരായ്മകള്‍ മനസ്സിലാക്കുന്നു റോസ്.

@K@nn(())raan* : ചിലത് അനിവാര്യമാവുമ്പോള്‍ സംഭവിക്കും എന്ന് കേട്ടിട്ടില്ലേ.. കണ്ണൂരാന്‍ സൂചിപ്പിച്ച ദുരന്തം ഒരു പക്ഷെ വളരെയടുത്ത് സംഭവിച്ചേക്കാം. :)വായനക്ക് നന്ദി. നല്ല വാക്കുകള്‍ക്കും...


@കുസുമം ആര്‍ പുന്നപ്ര : വായനക്ക് നന്ദി..

@KS Binu : വിശദമായ വായനക്കും വിലയിരുത്തലിനും നന്ദി. ദേഹിയും ദേഹവും ആത്മാവും കൃത്യമായ നിര്‍വചനം പലപ്പോഴും പ്രശ്നങ്ങള്‍ സൃഷ്ടിക്കാറുണ്ട്. ദേഹി-1.ദേഹമുള്ളത്, ജീവി, മനുഷ്യൻ 2. ആത്മാവ്, ദേഹത്താൽ ആവൃതമായ ആത്മാവ്. ഇതാണ് ശബ്ദതാരാവലിയും വിക്കിയും ഒക്കെ നല്‍കുന്ന നിര്‍വചനം.

@kochumol(കുങ്കുമം) : നന്ദി.

Joselet Joseph പറഞ്ഞു... മറുപടി

കഥയിലും കമന്റുകളില്‍ നിന്നും ആശയം മനസിലാക്കിയെടുക്കാന്‍ ഒരു പരിധി വരെ സാധിച്ചു. ബിജു ഡേവിസ് ചൂണ്ടിക്കാണിച്ച ഹെല്‍മറ്റ് എന്നിലും സംശയം ഉണ്ടാക്കിയിരുന്നു. അതിനുള്ള മറുപടി കണ്ടു.

എന്‍. എസ്. മാധവന്റെ ഹിഗ്വിറ്റ ഒരിക്കല്‍ പോലും എന്‍റെ വായനയില്‍ നിഴലിച്ചില്ല.